പ്രശസ്ത മലയാള സാഹിത്യകാരൻ ഉണ്ണി ആറിന്റെ ‘ മലയാളി മെമ്മോറിയൽ ‘ എന്ന പുസ്തകം ചർച്ചയാവുകയാണ്. കഥാസമാഹാരത്തിന്റെ കവർചിത്രമാണ് വൈറൽ ആവുന്നത്. കസവുമുണ്ടും ഷർട്ടും മേൽശീലയുമണിഞ്ഞ ചാരുകസേരയിൽ ഇരിക്കുന്ന അംബേദ്കറാണ് കവർ ചിത്രത്തിലുള്ളത്.
ഡി സി ബുക്സ് പബ്ലിഷ് ചെയ്യുന്ന പുസ്തകത്തിന്റെ കവർചിത്രം ഡിസൈൻ ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനറായ സൈനുൽ ആബിദാണ്. കവർചിത്രമിപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുന്ന സാഹചര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സൈനുൽ ആബിദ്. “കഥാസമാഹാരത്തിന്റെ പ്രമേയം ഉൾക്കൊണ്ടുകൊണ്ടാണ് കവർ ചിത്രം ഒരുക്കിയിട്ടുള്ളത്. പുസ്തകം വായിക്കാത്തവരെ ചിത്രം അലോസരപ്പെടുത്തിയേക്കാം. കഥയിലെ പ്രധാനകഥാപാത്രമായി എത്തുന്ന സന്തോഷും അയാളുടെ ഇരട്ടപ്പേരായ അംബേദ്കറും വലിയ ചർച്ചയാവുന്നുണ്ട് കഥയ്ക്കുള്ളിൽ തന്നെ. അംബേദ്കറുടെ ശരീരഭാഷയുള്ള സന്തോഷിനു പക്ഷെ കൃത്യമായ ജാതിബോധവുമുണ്ട്. ഈ വൈരുധ്യമാണ് ഇത്തരമൊരു കവർ ചിത്രത്തിന്റെ അടിസ്ഥാനം ” – സൈനുൽ ആബിദ് പറഞ്ഞു.
ഇതിന് മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള ഉണ്ണി ആറിന്റെ വാങ്ക് എന്ന പുസ്തകവും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. പ്രമേയം കൊണ്ട് വ്യത്യസ്തനാകുന്ന എഴുത്തുകാരനാണ് ഉണ്ണി. ആർ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തേടി വിമർശനങ്ങൾ എത്താറുമുണ്ട്.