തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്മോപകരണം (ഇംപ്ലാന്റ്) പരീക്ഷിക്കാനൊരുങ്ങി ന്യൂറലിങ്ക്. അടുത്ത 6 മാസത്തിനുള്ളിൽ മനുഷ്യരിൽ ഇത് പരീക്ഷിക്കാനാണ് ന്യൂറലിങ്ക് കമ്പനി ലക്ഷ്യമിടുന്നത്. കലിഫോർണിയയിൽ നടന്ന പരിപാടിയിൽ കമ്പനിയുടെ ഉടമ ഇലോൺ മസ്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനായി യുഎസ് അധികൃതരുടെ അനുമതി തേടിയതായും മസ്ക് വ്യക്തമാക്കി.
മനുഷ്യ മസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന കമ്പനിയാണ് ന്യൂറലിങ്ക്. ഒരു നാണയത്തിന്റെ വലിപ്പമുള്ള ചിപ്പ് റോബട്ടിന്റെ സഹായത്തോടെ തലയോട്ടിയിൽ ഘടിപ്പിക്കാനാണ് പരീക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിൽ നിന്നു തലച്ചോറിലേക്കു പോകുന്ന ലോലമായ വയറുകളുണ്ടാകും. ഉപകരണവും തലച്ചോറുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞാൽ അത് ഉപയോഗിച്ച് മറ്റ് പലതരം ബാഹ്യഉപകരണങ്ങളെ ആവശ്യാനുസരണം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഇതുനുദാഹരണമായി പറയുന്നത് ശരീരത്തിന്റെ തളർച്ച മൂലം സ്മാർട്ഫോൺ ഉപയോഗിക്കാൻ കഴിയാത്തവർക്ക് തലച്ചോറിന്റെ നിർദേശം സ്വീകരിക്കുന്ന ഉപകരണത്തിലൂടെ അതു സാധിക്കും എന്ന രീതിയിലാണ്. അതേസമയം മസ്തിഷ്ക രോഗങ്ങൾ, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പരുക്കുകൾ എന്നിവ ചികിത്സിക്കുന്നതിനാണ് 2016 ൽ സ്ഥാപിക്കപ്പെട്ട ന്യൂറലിങ്കിൽ ഗവേഷണം പുരോഗമിക്കുന്നത്. കൂടാതെ പല കാരണങ്ങളാൽ കാഴ്ച നഷ്ടപ്പെട്ടവർക്ക് അതു വീണ്ടെടുക്കുന്നതിനും പേശികൾക്ക് ചലനശേഷിയില്ലാത്തവർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ന്യൂറലിങ്ക് നടത്തുന്ന ഈ പരീക്ഷണം വഴി സാധിക്കുമെന്ന് വിലയിരുത്തുന്നു.