മുൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി സർക്കാർ ശനിയാഴ്ച നിയമിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ആർബിഐ ഗവർണറായി വിരമിച്ചതിന് പിന്നാലെയാണ് 67 കാരനായ ശക്തികാന്ത് ദാസിനെ പ്രധാനമന്ത്രിയുടെ ഓഫീസിലെ നിർണായക പദവിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. നിയമനം അദ്ദേഹം അധികാരമേറ്റ ദിവസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിസഭയുടെ നിയമന സമിതി ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ കാലാവധി തീരും വരെയോ അല്ലെങ്കിൽ മറ്റു ഉത്തരവുകൾ വരുന്നത് വരെയോ ആയിരിക്കും ശക്തികാന്ത് ദാസിൻ്റെ നിയമനം എന്നാണ് ഉത്തരവിൽ പറയുന്നത്.
മുൻ ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പി.കെ മിശ്ര 2019 സെപ്റ്റംബർ 11 മുതൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കും ശക്തികാന്ത് ദാസ് പ്രവർത്തിക്കുക.
1957 ഫെബ്രുവരി 26 ന് ഭുവനേശ്വറിൽ ജനിച്ച ദാസ് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1980 ബാച്ച് തമിഴ്നാട് കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്നാട്ടിലും കേന്ദ്ര സർക്കാരുകളിലും വിവിധ റോളുകളിൽ സേവനമനുഷ്ഠിച്ചു.
പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശക്തിപ്പെടുന്നതിനിടെയാണ് 2018 ഡിസംബറിൽ ആർബിഐയുടെ 25-ാമത് ഗവർണറായി ദാസ് ചുമതലയേറ്റത്. കോവിഡ് -19, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഉയർന്ന പണപ്പെരുപ്പം എന്നിവയുൾപ്പെടെയുള്ള പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ സാമ്പത്തിക രംഗത്ത് സ്ഥിരത കൊണ്ടുവരുന്നതിനും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും അദ്ദേഹത്തിനായി.