ജെറുസേലം: ഹമാസിനെതിരായ യുദ്ധം പൂർത്തിയായ ശേഷം ഗാസയിൽ നിന്നും പിന്മാറുമെന്ന് വ്യക്തമാക്കി ഇസ്രയേൽ. അതേസമയം സമയം തങ്ങൾക്ക് കൂടി സ്വീകാര്യമായ ഒരു ഭരണകൂടം ഗാസയിൽ ഉണ്ടെന്ന് ഉറപ്പാക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം പറഞ്ഞു. ഗാസ്സയുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഞങ്ങൾ ഗാസ കീഴടക്കാനോ ഗാസ പിടിച്ചെടുക്കാനോ ഗാസ ഭരിക്കാനോ ശ്രമിക്കുന്നില്ല. ഗാസയിൽ ഒരു ജനാധിപത്യസർക്കാർ രൂപീകരിക്കേണ്ടുണ്ട്. എന്നാൽ അങ്ങനെയൊരു സർക്കാർ വന്നാലും ഒക്ടോബർ ഏഴിന് ഉണ്ടായ പോലൊരു ആക്രമണം ഇസ്രയേലിന് നേരെ ഉണ്ടാവില്ല എന്നു ഞങ്ങൾക്ക് ഉറപ്പ് വരുത്തും. ആവശ്യമെങ്കിൽ ഗാസയിൽ പ്രവേശിച്ച് കൊലയാളികളെ കൊല്ലാൻ ഞങ്ങൾക്ക് വിശ്വസനീയമായ ഒരു ശക്തി ഉണ്ടായിരിക്കണം. ഹമാസ് ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.
പലസ്തീൻ പ്രദേശം വീണ്ടും പിടിച്ചെടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഹമാസുമായുള്ള വെടിനിർത്തലിന് അവർ കീഴടങ്ങുകയാണ് വേണ്ടത്. കൃത്യമായൊരു സമയപരിധി നിശ്ചയിച്ചല്ല നിലവിൽ യുദ്ധം നടക്കുന്നത്. നിലവിൽ ഇസ്രയേൽ സൈന്യം നന്നായി പൊരുതുന്നുണ്ട്. എത്ര സമയമെടുത്താലും ഈ ദൌത്യം ഞങ്ങൾ പൂർത്തിയാക്കും – നെതന്യാഹു പറഞ്ഞു.