ഏറെ ആരാധകരുള്ള താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിഘ്നേഷ് ശിവനും നയന്‍താരയും ഉയിർ, ഉലക് എന്നീ ഓമന പേരുകളിലാണ് മക്കളെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മക്കളുടെ യഥാർഥ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതിമാർ.
വിഘ്നേഷ് ശിവൻ തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മക്കളുടെ പേരുകൾ വെളിപ്പെടുത്തിയത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവ എന്നാണ്. ഉലകിന്റെ പേര് ദൈവിക് എൻ. ശിവ എന്നുമാണെന്ന് വിഘ്നേഷ് ശിവൻ കുറിച്ചു. പേരിലെ ‘എൻ’ എന്ന ഇനിഷ്യൽ ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനായിരുന്നു താരങ്ങൾ ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകിനേയും പരിചയപ്പെടുത്തിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണ്‍ ഒമ്പതിനാണ് വിഘ്നേഷും നയന്‍താരയും വിവാഹിതരായത്. ഷാരൂഖ് ഖാൻ നായകനായെത്തുന്ന അറ്റ്ലീ ചിത്രം ‘ജവാന്’ ആണ് നയൻതാരയുടെ പുതിയ ചിത്രം. വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഈ സിനിമയ്ക്ക് നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട്.