മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ കൊലപ്പെടുത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. സ്വര്‍ണമാല വിറ്റ നിയാസാണ് പൊലീസ് പിടിയിലായത്. കേസില്‍ ഇതുവരെ നാല് പേര് പൊലീസ് പിടിയിലായി. പ്രതികളെ കൂടാതെ പ്രതികളെ സഹായിച്ചവരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയാസിനെ പൊലീസ് പിടികൂടിയത്. ഇനി കേസില്‍ ഒരാള്‍ കൂടിയാണ് പിടിയിലാകാനുള്ളത്. മുത്തുകുമാരനാണ് പിടിയിലാകാനുള്ളത്.
അഞ്ച് പേരാണ് കൊലപാതകം നടത്തിയതെന്ന് എസ് പി പറഞ്ഞു. ആദ്യം പിടിയിലായത് തമിഴ്നാട് സ്വദേശികളായ രണ്ട് പേരാണ്. മുഖ്യപ്രതികളായ മുരുകന്, ബാല സുബ്രഹ്മണ്യന് എന്നിവരാണ് പിടിയിലായത്. ഇവരില്‍ മുരുകന് കൊടും കുറ്റവാളിയാണ്.
വ്യാപാരിയുടെ കൈയ്യിലെ മാലയും പണവും കണ്ടത് ഓട്ടോ ഡ്രൈവര്‍ ആയ ഹാരിബ് ആണ്. കേസില്‍ മൂന്നാം പ്രതിയാണ് ഹാരിബ്. തെങ്കാശി സ്വദേശി മുരുകനെ ഹാരിബ് പരിചയപ്പെടുന്നത് ജയിലില്‍ വെച്ചാണ്. ഹാരിബും മുരുകനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതും. ബാലസുബ്രഹ്മണ്യവും മുത്തുകുമാരനും ഒപ്പം കൂടുകയായിരുന്നു.
മുരുകന് ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. മുത്തുകുമാരനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
വ്യാപാരിയായ 70 കാരന് ജോര്‍ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി 9 പവന്റെ മാലയും പണവുമാണ് പ്രതികള്‍ കവര്‍ന്നത്. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് അടക്കം എടുത്തുമാറ്റിയാണ് കൃത്യം നടത്തിയത്. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ പ്രതികല്‍ സഞ്ചരിച്ച ഓട്ടോയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.