ജനകീയ പ്രതിരോധ ജാഥയിൽ മൈക്ക് ഓപ്പറേറ്റർക്കെതിരെ തട്ടിക്കയറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തൃശൂർ ജില്ലയിൽ പര്യടനം നടത്തുന്നതിനിടെ മാളയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശകാരിച്ചത്. നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി എന്നും ജനകീയ പ്രതിരോധ ജാഥയുടെ ക്യാപ്റ്റൻ കൂടിയായ എം. വി ഗോവിന്ദൻ യുവാവിനോടു ചോദിക്കുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി.
ഒരു മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോട് പ്രവർത്തിക്കുന്ന ഓഫിസ് ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്ത സംഭവത്തെ കുറിച്ച് വിശദീകരണം നൽകുകയായിരുന്നു ഗോവിന്ദൻ. ഇതിനിടെ മൈക്ക് ശരിയാക്കാനായി എത്തിയ യുവാവ് മൈക്കിന്റെ അടുത്തുനിന്ന് സംസാരിക്കാമോ എന്ന് ചോദിച്ചതാണ് ഗോവിന്ദനെ ചൊടിപ്പിച്ചത്. പോടാ…പോയേ.. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്ന് ശകാരിച്ച് ഇറക്കിവിട്ടു. ഇതിനു പിന്നാലെ മൈക്ക് കൈകാര്യം ചെയ്യുന്ന യുവാവിനെ കുറ്റപ്പെടുത്തി സദസിനോട് സംസാരിക്കുകയും ചെയ്തു.
എന്നാൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ശരിയായിട്ട് കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പല തവണ മൈക്ക് ശരിയാക്കാൻ വന്ന യുവാവ് അടുത്ത് നിന്ന് സംസാരിക്കാൻ പറഞ്ഞപ്പോഴാണ് അത്തരത്തിൽ പ്രതികരിച്ചത്. ഒരുപാട് സാധനങ്ങൾ ഇരിക്കുന്നത് കൊണ്ടാണ് ശബ്ദം ശരിയായി കേൾക്കാതിരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ച് കാണികളോട് പറഞ്ഞപ്പോൾ അവർ കയ്യടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ പ്രതിരോധ ജാഥ ഇന്ന് പുനരാരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
എം. വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററോട് പറഞ്ഞത്
മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ഇവൻ പറയുന്നത്. ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് സംസാരം. പ്രശ്നം എന്താണെന്ന് അറിയാമോ. കുറേ സാധനങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ ഒന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണങ്ങളിൽ ഒന്നാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നു എന്നത് കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ ആദ്യം പഠിക്കണം. അവിടുന്നും ഇവിടുന്നും ചിലർ ശബ്ദമില്ലെന്നു പറയുമ്പോൾ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്ന് പറയും. ഇതാണ് കാര്യം. ഇതിനെക്കുറിച്ച് ആദ്യം നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു യാതൊരു കാര്യവുമില്ല. ഇത്രയും സാധനങ്ങളുടെ ആവശ്യവും വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവൻ ആളുകൾക്കും സംസാരിക്കുന്നത് കേൾക്കാൻ കഴിയും – ഗോവിന്ദൻ പറഞ്ഞു.