മികച്ച വാഗ്മിയും സംഘാടകനും സൈദ്ധാന്തികനുമായ എംവി ഗോവിന്ദൻ മാസ്റ്റർ മന്ത്രിസഭയിലെ രണ്ടാമനിൽ നിന്നും പാർട്ടിയുടെ ഒന്നാമനിലേക്ക് ഉയർന്നിരിക്കുകയാണ്. ഏറെ കാലത്തെ സംഘടനാ നേതൃത്വപരിചയവും നിലപാടിലെ മൃദുത്വവും സ്വീകാര്യതയുമെല്ലാമാണ് അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിച്ചത്.
പ്രവർത്തകർക്ക് പാർട്ടി വിദ്യാഭ്യാസം നൽകുന്ന ചുമതലയിൽനിന്നും രണ്ടാം പിണറായി മന്ത്രിസഭയിലെത്തിയ ഗോവിന്ദൻ മാസ്റ്റർക്ക് കുറഞ്ഞ കാലം കൊണ്ടു തന്നെ ഭരണമികവ് തെളിയിക്കാൻ കഴിഞ്ഞു. വകുപ്പുകളിൽ ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടു വരാനും കൂടുതൽ ജനസൗഹൃദമാക്കാനും കഴിഞ്ഞു. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, ഗ്രാമവികസനം, എക്സൈസ് – പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ഗ്രാമവികസനം, ടൗൺ പ്ലാനിംഗ്, പ്രാദേശിക വികസന അതോറിറ്റികൾ, കില എന്നീ വകുപ്പുകളുടെ ചുമതലയാണുള്ളത്.
കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23 നാണ് എം. വി. ഗോവിന്ദൻ മാസ്റ്ററുടെ ജനനം. ബാലസംഘത്തിന്റെയും ലൈബ്രറി പ്രസ്ഥാനത്തിന്റെയും പ്രവർത്തകനായിരുന്ന അദ്ദേഹം കെഎസ്എഫ് അംഗവും കണ്ണൂർ ജില്ലാ യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, സിപിഐഎം കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തിരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 കാലങ്ങളിൽ നിയമസഭയിലെത്തി.
ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂണിയൻ – അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്സിസ്റ്റ് ദർ യശനം ഇന്ത്യൻ പശ്ചാത്തലത്തിൽ, എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ച് നൽകുകയാണോ പുറത്തുനിന്നും മന്ത്രിമാർ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. കണ്ണൂരില്‍ നിന്നും തന്നെയാണ് ഒരാളെ പരിഗണിക്കുന്നതെങ്കിൽ എഎന്‍ ഷംസീറിനോ, കെ കെ ശൈലജക്കോ ആണ് സാധ്യത. ഇതിനുപുറമെ മന്ത്രിസഭയിൽ മറ്റ് മാറ്റങ്ങൾക്കും സാധ്യതയുള്ളതായാണ് സൂചന. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സ്പീക്കറും, എംബി രാജേഷ് വിദ്യാഭ്യാസവും കൈകാര്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കുവാനും ആലോചനയുണ്ട്.