ദില്ലി: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ജൂലൈ 16 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ചക്രവാതച്ചുഴി ശക്തിപ്പെടുന്നതിന് അനുസരിച്ചായിരിക്കും സംസ്ഥാനത്തെ ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തിപ്പെടുകയെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്.
അതേസമയം മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യൂനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. കേരളത്തിൽ അടുത്ത രണ്ടു ദിവസം അങ്ങിങ്ങായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. തുടർന്ന് ദുർബലമാകുന്ന കാലവർഷം ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെ ശക്തി / സഞ്ചാരപാതക്ക് അനുസരിച്ചു ജൂലൈ 19/20 നു ശേഷം ചെറിയ രീതിയിൽ മെച്ചപ്പെടാനാണ് സാധ്യത. മഴ സാഹചര്യം വിലയിരുത്തി നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അടുത്ത 24 മണിക്കൂറിനുള്ളിൽ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, അസം, സിക്കിം, അരുണാചൽ പ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ, വിദർഭ, ഉത്തരാഖണ്ഡ്, കൊങ്കൺ, ഗോവ, തീരദേശ കർണാടക,കേരള എന്നിവിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്.