പേൾ ഖത്തറിലേക്കോടുന്ന മുവാസലാത്തിനു കീഴിലുള്ള മുഴുവൻ ബസുകളും ഇനി മുതൽ ഇലക്ട്രിക്കലാക്കും. പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ലക്ഷ്യം വച്ചാണ് പേളിലേക്ക് ഓടുന്ന ബസുകളെല്ലാം ഇലക്ട്രിക്കലായി മാറ്റാൻ തീരുമാനിച്ചത്. എട്ട് പി.വി.ആർ (പീക്ക് വെഹിക്ൾ റിക്വയർമെന്റ്), മൂന്ന് മെട്രോ ലിങ്ക് ബസുകളാണ് നിലവിൽ മുവാസലാത്തിന്റെ കീഴിൽ പേളിലേക്ക് സർവിസ് നടത്തുന്നത്.
ലോകകപ്പ് വേളയിൽ ഇലക്ട്രിക്കൽ ബസുകൾക്ക് വലിയ പ്രാധാന്യം നൽകി പരിസ്ഥിതി ഗതാഗതം പ്രോത്സാഹിപ്പിച്ച മുവാസലാത്തിന്റെ ടൂർണമെന്റാനന്തര പദ്ധതികളുടെ തുടർച്ചയാണ് പുതിയ പ്രഖ്യാപനം. അതേസമയം 3000ത്തോളം ഇലക്ട്രിക് ബസുകളാണ് ലോകകപ്പ് വേളയിൽ മുവാസലാത്ത് നിരത്തിലിറക്കിയത്.
എട്ട് സ്റ്റേഡിയങ്ങളെ ബന്ധിപ്പിച്ച് മെട്രോ സ്റ്റേഷനുകൾ, ഫാൻ സോൺ തുടങ്ങി കാണികൾ പ്രധാനമായി സന്ദർശിച്ച കേന്ദ്രങ്ങളിലേക്ക് ഇലക്ട്രിക് ബസുകൾ മികച്ച രീതിയിൽ സർവിസ് നടത്തിയിരുന്നു. ഇത് ലോകമെങ്ങുമുള്ള കാണികളുടെ പ്രശംസ പിടിച്ചുപറ്റി. അതേസമയം ലോകകപ്പിന് ശേഷം രാജ്യത്തെ പൊതുഗതാതം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് മുവാസലാത്തും ഖത്തർ ഭരണകൂടവും നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.