പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ചികിത്സയ്ക്കും നിയമപോരാട്ടത്തിനുമായി നടക്കുന്ന സാമ്പത്തിക സമാഹരണത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് മസ്ലീം സംഘടനകള്‍. മഅ്ദനിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആലിക്കുട്ടി മുസ്ലിയാര്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് തുടങ്ങിയ മുസ്ലീം നേതാക്കള്‍ സംയുക്തമായാണ് പ്രസ്താവനയിറക്കിയത്.
സുപ്രീം കോടതിയില്‍ നിന്ന് അബ്ദുള്‍ നാസര്‍ മഅ്ദനിയ്ക്ക് ജാമ്യം ലഭിച്ചതിനാല്‍ കേരളത്തിലേക്ക് എത്താന്‍ അനു്മതി ലഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വൈകുകയാണ്. ഈ സാഹചര്യത്തിലാണ് മഅ്ദനിയുടെ ചികിത്സയ്ക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മഅ്ദനി സഹായ സമിതി മുസ്ലീം സംഘടനാ നേതാക്കളെ സമീപിച്ചത്.
സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ്, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്രത്ത് എന്നിവരുടെ പേരിലാണ് സംയുക്ത പ്രസ്താവന.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈവി തങ്ങള്‍, കേരള സംസ്ഥാന ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മമ്പാട് നജീബ് മൗലവിയുടെയും പേരുകള്‍ പ്രസ്താവനയിലുണ്ട്.
അസുഖം മൂലം ബുദ്ധിമുട്ടുന്നതിനാലും ബംഗളൂരു നഗരത്തിലെ താമസത്തിനും വലിയ തുക ചെലവ് വരുന്നുണ്ട്. ഇതിന് പുറമേ നിയമ പോരാട്ടത്തിന് അഭിഭാഷകര്‍ക്ക് ഭീമമായ ഫീസ് നല്‍കേണ്ടി വരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
റമദാന് മാസത്തിലെ സാമ്പത്തിക സമാഹരണത്തിലൂടെയാണ് ഇതിനുവേണ്ട ചെലവുകള്‍ കണ്ടെത്തുന്നത്. പുണ്യമാസത്തില്‍ മഅ്ദനിയുടെ നീതിക്കായുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും പുണ്യകര്ണമായി കണ്ട് അദ്ദേഹത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹായം നല്‍കുകയും ചെയ്യണമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ധനസഹായം നല്‍കേണ്ട അക്കൗണ്ട് നമ്പറുകള്‍ സഹിതമുള്ള പ്രസ്താവന പത്രപരസ്യമായും നല്‍കിയിട്ടുണ്ട്.