അബുദാബി: യുഎഇയിൽ ഈ പെരുന്നാൾ ദിനം കടന്നു പോയത് കൊടുംചൂടിനിടയിൽ. ഈ വർഷം എമിറേറ്റ്സിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ബലിപെരുന്നാൾ ദിനത്തിലുണ്ടായത്. 49.4 ഡിഗ്രീ സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കടുത്ത ചൂടിന് പിന്നാലെ യുഎഇയിൽ പലയിടത്തും മഴ പെയ്യുകയും ചെയ്തു.
അബുദാബിയിലെ സ്വൈഹാനിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ചൂട് മൂലം ഇന്നും കൂടുതൽ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണൽ സെൻ്റർ ഫോർ മീറ്റിയറോളജിയുടെ അറിയിപ്പ്.
യുഎഇയിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 50.8 ഡിഗ്രീ സെൽഷ്യസ് ആയിരുന്നു. 2023 ഓഗസ്റ്റിൽ അബുദാബിയിലെ ഔത്തെയ്ദിലാണ് ഈ ചൂട് രേഖപ്പെടുത്തിയത്. 2023 ജൂലൈയിൽ രണ്ട് തവണ താപനില 50 ഡിഗ്രീ കടന്നിരുന്നു.
ഇന്നലെ സ്വൈഹാൻ കൂടാതെ നാലിടങ്ങളിൽ കൂടി താപനില 48 ഡിഗ്രീ കടന്നു. അൽ ഷവാമെഖിൽ 49.1 ഡിഗ്രീ സെൽഷ്യസും മെസെയ്റയിൽ 49 ഡിഗ്രീ ചൂടും രേഖപ്പെടുത്തി.
താപനില ക്രമാതീതമായി ഉയർന്നതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നേരിട്ട് സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കണമെന്നും നിർജലീകരണം സംഭവിക്കാതെ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.പുറത്തിറങ്ങുന്ന സാഹചര്യങ്ങളിൽ സണ്‍സ്ക്രീൻ ലോഷനുകളടക്കമുള്ളവ ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്.