തിരുവനന്തപുരം പൂവച്ചലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പിടിയിലായ പ്രതിയെ കാട്ടാക്കടയില്‍ എത്തിച്ചു. പ്രതിയെ കൊലപ്പെടുത്തിയ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പുളിങ്കോട് അരുണോയത്തില് അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന് ആദി ശേഖറാണ് കൊല്ലപ്പെട്ടത്. വണ്ടി തട്ടി മരിച്ചതെന്നായിരുന്നു ആദ്യം വിലയിരുത്തിയത്. എന്നാല്‍ ആദി ശേഖറിനെ കാത്തിരുന്നത് വണ്ടിയിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി.ഓഗസ്റ്റ് 30ന് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുമ്പലായിരുന്നു സംഭവം.
ആദിശേഖര്‍ സ്ഥിരമായി കളിക്കാന്‍ പോകുന്ന വഴിയില്‍ 20 മിനുട്ടോളം കാത്തിരുന്നാണ് പ്രതിയായ പ്രിയരഞ്ജന് വണ്ടിയിടിച്ച് കൊലപ്പെടുത്തിയത്. പ്രിയ രഞ്ജന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ആദിശേഖറിനെ കാത്തിരിക്കുകയായിരുന്നു.സുഹൃത്തിന്റെ അടുത്തെത്തിയ ആദിശേഖര്‍ സുഹൃത്തിന്റെ സൈക്കിള്‍ വാങ്ങി പോകാന്‍ തുടങ്ങിയപ്പോള്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. സ്ഥിരം മദ്യപാനിയായ പ്രതി ക്ഷേത്രത്തിന് മുന്നില്‍ മൂത്ര മൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് മാസങ്ങള്‍ക്ക് ശേഷം ആദി ശേഖറിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആദിശേഖറിന്റെ അകന്ന ബന്ധുകൂടിയാണ് പ്രിയരഞ്ജന്.
മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇയാള്‍ക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.