മസ്കത്ത്: ഒമാനിലെ ജയിലിൽ വച്ച് മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കാൻ നേതൃത്വം നൽകി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മലപ്പുറം സ്വദേശി അബ്ദുൾ റസാഖിൻ്റെ മൃതദേഹമാണ് തങ്ങൾ ഏറ്റുവാങ്ങി ഖബറടക്കത്തിന് നേതൃത്വം നൽകിയത്.
51 വയസ്സുണ്ടായിരുന്ന അബ്ദുൾ റസാഖ് ഒമാനിലെ ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങളോ സുഹൃത്തുകളോ ഇല്ലാതെ പോയതിനാൽ നിയമപ്രശ്നങ്ങൾ കാരണം ഖബറടക്കം അനിശ്ചിതമായി നീളുന്ന അവസ്ഥയുണ്ടായി. സംഭവം ശ്രദ്ധയിൽപ്പെട്ട മുനവ്വറലി തങ്ങൾ ഒമാനിലെത്തി ഖബറകടക്കത്തിന് നേരിട്ട് നേതൃത്വം നൽകുകയായിരുന്നു.
മസ്കത്തിലെ കെഎംസിസി പ്രവർത്തകർക്കൊപ്പം പൊലീസ് ആസ്ഥാനത്ത് എത്തിയ മുനവ്വറലി തങ്ങൾ നിയമപ്രശ്നങ്ങൾ പരിഹരിച്ച് അബ്ദുൽ റസാഖിൻ്റെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മയ്യിത്ത് മറവു ചെയ്യാൻ കെഎംസിസി പ്രവർത്തകർക്ക് നിർദേശം നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മസ്കത്തിലെ അംറാത്ത് ഖബര്‍സ്ഥാനിലാണ് റസാഖിന്റെ മയ്യത്ത് മറവ് ചെയ്തത്.