തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തിയ മുകുള്‍ റോയ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹി എത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഒരു പ്രത്യേക ജോലി ചെയ്തു തീര്‍ക്കാന്‍ വന്നതായിരുന്നു എന്നാണ് പറഞ്ഞത്.
‘ഞാന്‍ ഡല്‍ഹിയി വന്നിട്ടുണ്ട്. പ്രത്യേകിച്ച് അജണ്ടയൊന്നുമില്ല. ഒരുപാട് വര്‍ഷമായി ഞാന്‍ എം.പിയാണ്. എനിക്കെന്താ ഡല്‍ഹിയില്‍ വന്നുകൂടെ? ഞാന്‍ ഡല്‍ഹിയില്‍ സ്ഥിരമായി വരാറുള്ളതാണ്,’ മുകുള്‍ റോയ് പറഞ്ഞു.
അതേസമയം താന്‍ ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്നാണ് ബംഗാള്‍ മാധ്യമത്തോട് നല്കിയ പ്രതികരണത്തില്‍ മുകുള്‍ റോയ് പറഞ്ഞത്.
‘ഞാന്‍ ഒരു ബിജെപി എം.എല്‍.എയാണ്്. എനിക്ക് ബിജെപിയോടൊപ്പം നില്‍ക്കണം. ഇവിടെ നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി തനിക്ക് താമസിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്ക് അമിത്ഷായെയും ജെപി നദ്ദയെയും കണ്ട് സംസാരിക്കണം,’ മുകുള്‍ റോയ് പറഞ്ഞു.
അസുഖത്തെതുടര്‍ന്ന് കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. സജീവരാഷ്ട്രീയത്തില്‍ സജീവമാകും. തൃണമൂലുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്ന് താന്‍ 100 ശതമാനം ഉറപ്പിച്ചു പറയുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന് പറഞ്ഞ് മകന് സുഭ്രഗ്ഷു റോയ് രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട മുകുള്‍ റോയിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു മകന്റെ പരാതി. ഇതിന് പിന്നാലെയാണ് മുകുള്‍ റോയ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്.
അതേസമയം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ തന്റെ അച്ഛന് സുഖമില്ലെന്ന് സുഭ്രഗ്ഷു റോയ്. പാര്ക്കിന്സണ് രോഗവും ഡിമെന്‍ഷ്യയും മൂലം അദ്ദേഹം തീരെ സുഖമില്ലാതിരിക്കുകയാണ്. മനസ് ശരിയായ നിലയിലല്ല. സുഖമില്ലാതിരിക്കുന്ന ആളുമായി രാഷ്ട്രീയം നടത്തരുത്. അദ്ദേഹത്തെ കാണാതായതിന് ശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നതായും സുഭ്രഗ്ഷു റോയ് പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്ന് 2017ല്‍ മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2020ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുകുള്‍ റോയ് വീണ്ടും തൃണമൂലില്‍ എത്തുകയായിരുന്നു. എം.എല്‍.എ സ്ഥാനം രാജിവെക്കാതെയായിരുന്നു തൃണമൂലിലേക്ക് എത്തിയത്. പിന്നാലെയാണ് വീണ്ടും ബിജെപിയില്‍ പോകാനുള്ള നീക്കം.