കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന് പോക്സോ കേസിൽ ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കുറ്റപത്രത്തിൽ ചുമത്തിയിരുന്ന മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ പൂർത്തിയായത്. മറ്റ് കേസുകളിൽ മോൻസൺ ജാമ്യം നേടിയെങ്കിലും പോക്സോ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല
മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി വരുന്ന ആദ്യത്തെ കേസാണിത്. പോക്സോ ആക്ടിലെ 7 , 8 വകുപ്പുകൾ പ്രകാരം മോൻസൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, സ്ത്രീകൾക്ക് നേരായ അതിക്രമം, ബലാത്സംഗം, സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
പഠനത്തിന് സഹായിക്കാമെന്ന പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. മോൻസന്റെ ജീവനക്കാരിയുടെ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.