ദില്ലി: ദില്ലിക്ക് സമീപം ലോകോത്തര നിലവാരത്തിൽ റിലയൻസിൻ്റെ സ്വന്തം നഗരം വരുന്നു. മെറ്റ് സിറ്റി (മോഡൽ ഇക്കണോമിക് ടൌണ്‍ഷിപ്പ്) എന്നാണ് ഇപ്പോൾ ഈ പദ്ധതിക്ക് റിലയൻസ് നൽകിയിരിക്കുന്ന പേര്. റിലയൻസ് വെഞ്ച്വേഴ്സ് ലിമിറ്റഡ് എന്ന റിലയൻസ് ഇൻഡസ്ട്രീസിൻ്റെ സബ്സിഡറി കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ദില്ലി, ഗുരുഗ്രാം, നോയിഡ നഗരങ്ങളോട് ചേർന്ന് ഹരിയാനയിലെ ജാജ്ജർ ജില്ലയിലാണ് മെറ്റ് സിറ്റി വരുന്നത്. നഗരം നിർമ്മിക്കാനായി 8250 ഏക്കർ ഭൂമിയാണ് റിലയൻസ് ഏറ്റെടുത്തിട്ടുള്ളത്. ഹരിയാണയെ കേന്ദ്രീകരിച്ച് വരുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണ് ഇന്ന് ഈ നഗരപദ്ധതി.
പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തു വന്നതിന് പിന്നാലെ വലിയ ആവേശവും സ്വീകരണവുമാണ് വിപണിയിൽ നിന്നും ഉണ്ടായത്. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 76 കമ്പനികൾ ചേർന്ന് 1200 കോടിയുടെ നിക്ഷേപം ഇവിടെ നടത്തി കഴിഞ്ഞു. വിവിധ തരം ഫാക്ടറികൾക്കും കോർപ്പറേറ്റ് ഓഫീസുകൾക്കും പുറമേ ഭവനപദ്ധതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും നഗരത്തിലുണ്ടാവും. 450 -ലേറെ പ്രശസ്ത ബ്രാൻഡുകളുടെ സാന്നിധ്യം ഇതിനോടകം മെറ്റ് സിറ്റിയിൽ ഉറപ്പിച്ചുവെന്നാണ് റിലയൻസ് ഗ്രൂപ്പ് അറിയിക്കുന്നത്.
കെഎംപി എക്സ്പ്രസ്സ് ഹൈവേയോട് ചേർന്നാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്നും അധികം ദൂരമില്ല. ഇതിനോടകം 8000 കോടി രൂപ റിലയൻസ് നഗര നിർമ്മാണത്തിനായി ചിലവിട്ടു കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ ആയിരം കോടി കൂടി ഇവിടെ നിക്ഷേപിക്കും. ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ചരക്ക് ഇടനാഴിയിലേക്കും മെറ്റ് സിറ്റിയെ ബന്ധിപ്പിക്കുന്നുണ്ട്. ഇതോടെ ഇവിടെ നിന്നുള്ള ചരക്കുനീക്കം കൂടുതൽ എളുപ്പത്തിലാവും. ദില്ലി – മുംബൈ എക്സ്പ്രസ്സ് ഹൈവേയിലേക്കും നഗരത്തിൽ നിന്നും റോഡുണ്ടാവും.
എസ്.ജി.ടി സർവ്വകലാശാല ക്യാംപസ് മെറ്റ് നഗരത്തിൽ സ്ഥാപിക്കാൻ ഇതിനോടകം ധാരണയായിട്ടുണ്ട്. ക്രിക്കറ്റ് താരം വിരേന്ദർ സേവാഗിൻ്റെ ഉടമസ്ഥതയിലുള്ള സേവാഗ് സ്കൂളും മെറ്റ് സിറ്റിയിലുണ്ടാവും. ഒരു ഇൻ്ർഗ്രേറ്റഡ് ടൌണ്‍ എന്നതാണ് മെറ്റിനെ റിലയൻസ് വിശേഷിപ്പിക്കുന്നത്. ഫ്ളാറ്റും വില്ലകളുമായി ഇതിനോടകം രണ്ടായിരം റെസിഡൻഷ്യൽ സ്പേസ് വിറ്റുപോയിട്ടുണ്ട്. ജപ്പാൻ കമ്പനികളായ നിഹോൻ കൊഹ്ഢൻ, പാനസോണിക്, ഡെൻസോ, സുസുകി എന്നീ കമ്പനികളും മെറ്റ് സിറ്റിയിൽ ഫാക്ടറികളും കോർപ്പറേറ്റ് ഓഫീസുകളും തുറക്കും.