തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവ്വീസ് തുടങ്ങാൻ കൂടുതൽ വിമാനക്കമ്പനികൾ. മലേഷ്യൻ, ഇത്തിഹാദ്, ഒമാൻ എയർലൈനുകളാണ് കേരളത്തിൻ്റെ തലസ്ഥാനത്തേക്ക് കൂടുതൽ സർവ്വീസുകളുമായി എത്തുന്നത്. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാനസർവ്വീസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ മുതൽ ഒമാൻ എയർ മസ്കറ്റ് – തിരുവനന്തപുരം റൂട്ടിൽ പ്രതിദിന സർവ്വീസ് ആരംഭിക്കും. 2024 ജനുവരി മുതൽ അബുദാബി – തിരുവനന്തപുരം റൂട്ടിൽ ഇത്തിഹാദിൻ്റെ സർവ്വീസ് ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ഇത്തിഹാദ് തിരുവനന്തപുരം – അബുദാബി റൂട്ടിൽ പറക്കുക. ഇതു കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദോഹ – തിരുവനന്തപുരം റൂട്ടിൽ ആഴ്ചയിൽ നാല് സർവ്വീസുകളും തുടങ്ങുന്നുണ്ട്. നവംബറിലാവും മലേഷ്യൻ എയർലൈൻസ് ക്വലാലംപൂർ – തിരുവനന്തപുരം റൂട്ടിലെ സർവ്വീസ് ആരംഭിക്കുക. ഈ സർവ്വീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലേക്ക് നേരിട്ട് സർവ്വീസ് തുടങ്ങാനുള്ള സാധ്യതയും സജീവമായിട്ടുണ്ട്. എയർഇന്ത്യയുമായി വിമാനത്താവള അധികൃതർ ഇക്കാര്യത്തിൽ ചർച്ച നടത്തി വരികയാണ്. ഇന്തോനേഷ്യയിലെ ബാട്ടിക് എയറും വൈകാതെ തിരുവനന്തപുരത്തേക്ക് എത്തും എന്നാണ് സൂചന. അതേസമയം എയർഏഷ്യയുമായുള്ള ലയനംപൂർത്തിയായാൽ എയർഇന്ത്യ എക്സ്പ്രസ്സ് തിരുവനന്തപുരം വിമാനത്താവളം ഹബ്ബാക്കി മാറ്റിയേക്കും എന്നാണ് വിവരം.
ബെംഗളൂരുവിലേക്ക് നിലവിൽ ഇൻഡിഗോയുടെ പ്രതിദിന സർവ്വീസ് മാത്രമാണ് തിരുവനന്തപുരത്ത് നിന്നുള്ളത്. എന്നാൽ ആകാശ എയർലൈൻസും വിസ്താരയും ഈ വൈകാതെ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സർവ്വീസ് ആരംഭിക്കും. സ്പൈസ് ജെറ്റിൻ്റെ പ്രതിവാര സർവ്വീസും നിലവിൽ ഈ റൂട്ടിലുണ്ട്. കൂടുതൽ സർവ്വീസുകൾ വരുന്നതോടെ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ പുതിയ സർവ്വീസ് തുടങ്ങാൻ ഇൻഡിഗോയുമായി വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് അധികൃതർ ചർച്ച ആരംഭിച്ചു കഴിഞ്ഞു.