മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മതം ഏതാണെന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബീച്ചില്‍ എത്തിയതായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് ബീച്ചില്‍ ഇരിക്കുകയായിരുന്നു. ഇരിക്കുന്നതിനിടെ വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെന്ന് അറിഞ്ഞതോടെ അസഭ്യം പറയുകയും ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ആക്രമണത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. പട്രോളിംഗിനെത്തിയ പൊലീസിനെ കണ്ടതോടെ ആക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ദേര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
അതേസമയം വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ പറഞ്ഞു.