തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വ്യവസായ – നിയമ മന്ത്രി പി.രാജീവിന്റെ പേഴ്സണൽ സ്റ്റാഫ് സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതായി പരാതി. മന്ത്രിയുടെ അസിസ്റ്റന്റ് പി എസ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് കോൺഗ്രസ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി യൂത്ത് കോണ്ഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ നേരത്തെ നടൻ വിനായകനെതിരെയും സമാനമായ പരാതി ലഭിച്ചിരുന്നു.
“അരനൂറ്റാണ്ടെത്തുന്ന എന്റെ ജീവിതത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം ഉമ്മൻചാണ്ടിയോടുള്ള വെറുപ്പാണ്. ഞാൻ ഇനി ചെയ്യുന്ന ഓരോന്നും അയാളോടുള്ള വെറുപ്പിന്റെ പ്രകടനവുമാണ്” – ഇങ്ങനെയാണ് കൈരളിയിലെ മുൻ മാധ്യമപ്രവർത്തകനും അന്തരിച്ച നടനും എംപിയുമായ ഇന്നസെൻ്റിൻ്റെ പേഴ്സണൽ സ്റ്റാഫംഗവുമായിരുന്ന സേതുരാജ് ബാലകൃഷ്ണൻ എന്ന ബി.സേതുരാജ് ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പ് വിവാദമായതോടെ സേതുരാജ് പോസ്റ്റ് പിൻവലിച്ചെങ്കിലും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് രംഗത്തുണ്ട്.
എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
“അരനൂറ്റാണ്ടെത്തുന്ന എന്റെ ജീവിതത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം ഉമ്മൻചാണ്ടിയോടുള്ള വെറുപ്പാണ്. ഞാൻ ഇനി ചെയ്യുന്ന ഓരോന്നും അയാളോടുള്ള വെറുപ്പിന്റെ പ്രകടനവുമാണ്”
ഉമ്മൻ ചാണ്ടിയുടെ ആശയങ്ങളെ ആ മനുഷ്യൻ മരിച്ചിട്ടും തോൽപ്പിക്കാനാകാത്തതിന്റെ തീരാത്ത പകയല്ലേ ഈ വാക്കുകളിൽ പുകയുന്നത്. കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വ്യവസായ മന്ത്രി പി രാജീവിന്റെ അഡീഷണൽ പി എസ് ആയ ബി സേതുരാജ് എന്ന സേതുരാജ് ബാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചതാണ് ഇത്.
എല്ലാക്കാലവും പി രാജീവിന്റെ സന്തത സഹചാരിയായിരുന്ന മുൻ എസ്എഫ്ഐ നേതാവ് ബി സേതുരാജ് ഇപ്പോഴും എസ്എഫ്ഐയുടെ പഴയ കുപ്പായത്തിൽ നിന്ന് പുറത്തു കടന്നിട്ടില്ല. സർക്കാരിന്റെ പബ്ലിക് റിലേഷൻഷിപ്പ് വകുപ്പിൽ ഉദ്യോഗസ്ഥനായ ഇയാൾ സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ രീതികളും മര്യാദകളുമൊക്കെ അതിലംഘിച്ചുകൊണ്ട് നടത്തിയ ഈ അധിക്ഷേപം ഗൗരവമേറിയതാണ്. ബഹുമാന്യനായ ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വന്നു പ്രസംഗിച്ചു പോയിട്ടും, സേതുരാജിനെ പോലുള്ളവരുടെ അധിഷേപങ്ങൾ കണ്ടില്ലെന്നു നടിച്ച് ഉള്ളിൽ മറ്റൊന്ന് വച്ചിട്ട് കോൺഗ്രസ് വേദിയിൽ ഉമ്മൻ ചാണ്ടിയെകുറിച്ച് സംസാരിച്ചതിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ട്.
സർക്കാർ ശമ്പളത്തിന്റെ സംരക്ഷണത്തിൽ വിദ്വേഷപ്രചരണം നടത്തുന്നതിന് ഇയാൾക്ക് വ്യവസായ മന്ത്രി പി രാജീവിന്റെയും ഓഫീസിന്റെയും പിൻബലമുണ്ട്. ഇയാൾക്കെതിരെ സംസ്ഥാന ചീഫ്സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ നൽകിയിട്ടുള്ള പരാതിയിൽ നടപടി സ്വീകരിക്കാൻ സർക്കാരും ആഭ്യന്തര വകുപ്പും പിആർഡിയും തയ്യാറാകണം…….