ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ‘ഡീപ് ഫെയ്ക് ടെക്നോളജി’ ഉപയോഗിച്ച് സുഹൃത്തിന്റെ രൂപം വ്യാജമായി സൃഷ്ടിച്ച് തട്ടിപ്പ്. 40,000 രൂപയാണ് കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണനെ കബളിപ്പിച്ച് തട്ടിയത്.
മുന്‍പ് ഒപ്പം ജോലി ചെയ്ത ആളെന്ന് പരിചയപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. സംശയമുണ്ടെന്ന് പറഞ്ഞപ്പോള്‍ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുജറാത്തില്‍ നിന്നുള്ള നമ്പരില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് പൊലീസ് കണ്ടെത്തി.
ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് സുഹൃത്തിന്റെ രൂപവും ശബ്ദവും വ്യാജമായി തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ചയാളാണ് രാധാകൃഷ്ണന്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പരിചയമില്ലാത്ത നമ്പറില്‍ നിന്നും പുലര്‍ച്ചെ പല തവണ കോള്‍ വന്നെങ്കിലും എടുത്തില്ല. രാവിലെ പരിശോധിച്ചപ്പോള്‍ അതേ നമ്പറില്‍ നിന്ന് വാട്സ് ആപ്പില്‍ മെസേജും കണ്ടു. മെസേജ് വായിക്കുന്നതിനിടയില്‍ ഫോണില്‍ വാട്സ്ആപ്പ് കോള്‍ വന്നു. മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വേദശിയായ ഫ്രണ്ട് ആണെന്നാണ് പറഞ്ഞത്.
സംസാരത്തില്‍ പഴയകാര്യങ്ങള്‍ പറഞ്ഞതോടെ രാധാകൃഷ്ണന് സുഹൃത്താണെന്ന് തെറ്റദ്ധരിക്കുകയായിരുന്നു. തന്റെ ബന്ധു ശസ്ത്രക്രിയയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടെന്നും താനിപ്പോള്‍ ദുബായില്‍ നിന്ന് അടുത്ത വിമാനത്തില്‍ മുംബൈയിലേക്ക് പോകാന്‍ തുടങ്ങുകയാണെന്നും തെറ്റിദ്ധരിപ്പിച്ചു. അത്യാവശ്യമായി 40,000 രൂപ അക്കൗണ്ടില്‍ നിന്ന് അയക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ ഭാര്യ മുംബൈയിലെ ആശുപത്രിയില്‍ രോഗിയുടെ കൂടെയാണുള്ളത്. ഭാര്യയുടെ കയ്യിലാണ് ഫോണും എടിഎം കാര്‍ഡും. അവിടെ എത്തിയാല്‍ ഉടന്‍ പണം തിരിച്ചയയ്ക്കുമെന്നും ഉറപ്പ് പറഞ്ഞു.
സംശയം തോന്നിയില്ലെങ്കിലും പണം അയക്കാന്‍ ആദ്യഘട്ടത്തില്‍ മടിച്ചുവെന്ന് രാധാകൃഷ്ണന് പറഞ്ഞു. പല തട്ടിപ്പുകളും നടക്കുന്നതിനാല്‍ ആരെയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇദ്ദേഹം പറയുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ അയച്ച് നല്‍കുകയായിരുന്നു. ഇതിന് ശേഷമാണ് പണം നല്‍കിയത്. എന്നാല്‍ വീണ്ടും 35,000 രൂപ കൂടി ചോദിച്ചതോടെ സംശയമായെന്നും ബാലന്‍സ് ചെക്ക് ചെയ്ത ശേഷം വിളിക്കാമെന്നും പറഞ്ഞ് കട്ട് ചെയ്തു. പിന്നീട് ദുബായിലുള്ള ഈ സുഹൃത്തിനെ തന്റെ കൈവശമുള്ള നമ്പറില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ പണം ആവശ്യപ്പെട്ട് വിളിച്ചിട്ടില്ലെന്നും ദുബായില്‍ നിന്ന് അടുത്ത വിമാനത്തില്‍ യു.എസിലേക്ക് പോകാന്‍ നില്‍ക്കുകയാണെന്നുമാണ് അറിയിച്ചത്.