പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടും തൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരുടെയും വിശേഷങ്ങൾ അറിയാൻ എന്നും സിനിമലോകത്തിന് ആവേശമാണ്. ഇരുവരും ഒരുമിച്ച് വരുന്ന ചടങ്ങുകൾ എല്ലാം ചർച്ചയാവാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ 71 ആം പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
“മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമ്മ ബന്ധവും ഉണ്ടെന്നാണല്ലോ ഫിലോസഫി. രക്തബന്ധത്തേക്കാൾ വലുതാണ് ചിലപ്പോൾ കർമ്മബന്ധം. അത്യാവശ്യസമയത്തെ കരുതൽ കൊണ്ടും അറിവുകൊണ്ടും ജീവിതമാർഗങ്ങൾക്കൊണ്ടുമൊക്കെയാണ് കർമ്മ ബന്ധം ഉണ്ടാവുന്നത് . കൂടെ പിറന്നിട്ടില്ലെന്നേയുള്ളു, എന്റെ പ്രിയ്യപ്പെട്ട മമ്മൂട്ടിക്ക, ഇച്ചാക്കാ എന്റെ വല്യേട്ടനാവുന്നത് അങ്ങനെയാണ്. ” ഇങ്ങനെ പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോ തുടങ്ങുന്നത്.
ഒരേ കാലത്ത് സിനിമയിൽ ഏത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും ജേഷ്ഠനും അഭിനയം കൊണ്ടും വ്യക്തി ജീവിതം കൊണ്ടും പ്രചോദിപ്പിച്ച ഒരാൾ. 5 തലമുറകളായി എല്ലാവരുടെയും വല്യേട്ടനായി, നിൽക്കുക എന്നത് നിസ്സാരകാര്യമല്ല. എന്റെ പ്രിയ്യപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നുവെന്ന് മോഹൻലാൽ വിഡിയോയിലൂടെ പറഞ്ഞു. നിരവധി താരങ്ങളും ആരാധകരുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.