“എടാ വിജയാ ”
“എന്താടാ ദാസാ?”
ഈ സംഭാഷണം ഒരു മലയാളിക്കും മറക്കാൻ കഴിയില്ല. ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു കോമ്പോ മലയാള സിനിമയിൽ തന്നെ ഉണ്ടാവില്ല. ശ്രീനിവാസനും മോഹൻലാലും. നാടോടിക്കാറ്റിലെ മലയാളികളുടെ പ്രിയ്യപ്പെട്ട ദാസനും വിജയനും.
അവർ ഒന്നിച്ച സിനിമകളെല്ലാം ഹിറ്റുകൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ഏകദേശം 20ഓളം സിനിമകൾ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ദാസനും വിജയനുമായി മാത്രമല്ല, മുകുന്ദനും ഉദയനുമായും സാഗർ കോട്ടപ്പുറവും രാമകൃഷ്ണനുമായും മൊയ്ദീൻ കുട്ടി ഹാജിയും ഖാദറുമായും ഉദയനും രാജപ്പനുമായുമെല്ലാം സ്ക്രീനിൽ നിറഞ്ഞാടിയ മികച്ച കോമ്പോ. കുറേ വർഷങ്ങൾ ആ കോമ്പോ പിന്നീട് കാണാൻ സാധിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഒരു വേദി പങ്കിടുന്ന ശ്രീനിവാസന്റെയും മോഹൻലാലിന്റെയും വിഡിയോ ആണ് ഇപ്പോൾ ജനസംസാരമായി മാറിയിരിക്കുന്നത്.
കാർഡിയാക് ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന ശ്രീനിവാസനെ കുറച്ച് നാളുകളായി സിനിമയിലോ പൊതു വേദികളിലോ കാണാൻ സാധിച്ചിരുന്നില്ല. മോഹൻലാലും ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് വേദിയിൽ ഒന്നിച്ചു നിൽക്കുകയും ശ്രീനിവാസന്റെ കവിളത്തു ലാൽ ഉമ്മവയ്ക്കുകയും ചെയ്യുന്ന വിഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കമന്റ്ബോക്സുകളിൽ ദാസനെയും വിജയനെയും വീണ്ടും ഒരുമിച്ച് കണ്ടതിൽ ആരാധകരുടെ സന്തോഷവും ശ്രീനിവാസന്റെ ആരോഗ്യനിലയെ പറ്റിയുള്ള ആശങ്കയും നിറയുന്നുണ്ട്.