പാലസിൽ ജോലിക്കായി ഫിലിപ്പൈനിൽ നിന്നെത്തിയ പെർളയെ ആദ്യകാഴ്ചയിൽ തന്നെ ശിവദാസന് ഇഷ്ടമായി. ഉള്ളിൽ തോന്നിയ പ്രണയം തുറന്ന് പറഞ്ഞെങ്കിലും ഒരിന്ത്യക്കാരനെ കല്യാണം കഴിക്കുന്നതിനെ പറ്റി താൻ ചിന്തിച്ചിട്ട് കൂടിയില്ലെന്നായിരുന്നു മറുപടി. അന്നിത്തിരി വിഷമമായെങ്കിലും പെർളയെ അങ്ങനങ്ങ് വിടാൻ ശിവദാസന് കഴിയില്ലായിരുന്നു. ഒടുവിൽ ശിവദാസന്റെ പ്രണയം തിരിച്ചറിഞ്ഞ പെർള ഈ മലപ്പുറത്തുകാരന്റെ ജീവിത സഖിയായി കൂടെ കൂടി

1980 കളുടെ അവസാനമാണ് ജോലി തേടി ശിവദാസൻ ദുബായിലെത്തുന്നത്. ഡ്രൈവിംഗ് അറിയാമായിരുന്ന ശിവദാസന് ദുബായ് രാജവംശത്തിന്റെ പാലസിൽ ഡ്രൈവറായി ജോലി ലഭിച്ചു. അവിടെ ജോലിക്കായി നാല് ഫിലിപ്പൈനികളും അക്കൊല്ലമെത്തിയിരുന്നു. അതിൽ ഒറ്റ നോട്ടത്തിൽ തന്നെ നല്ല മലയാളിത്തമുള്ള പെർളയുമുണ്ടായിരുന്നു. ജോലിക്കിടെ ഇടക്കിടി കണ്ടുമറയുന്ന പെർളയോട് എന്തോ ഒരടുപ്പം തോന്നി ശിവദാസന്. ഒടുവിൽ രണ്ടും കൽപിച്ച് ഇഷ്ടം തുറന്ന് പറഞ്ഞു. പക്ഷേ ഒരിന്ത്യക്കാരനെ വിവാഹം കഴിക്കുന്നതിനെ പറ്റി താൻ ചിന്തിച്ചിട്ട് പോലുമില്ലെന്നായിരുന്നു പെർളയുടെ മറുപടി
പക്ഷേ ഒരുപാട് കാലം ശിവദാസന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കാൻ പെർളയ്ക്കായില്ല. ശിവദാസന്റെ നിർദേശപ്രകാരം വീട്ടുകാരുടെ അനുഗ്രഹവും വാങ്ങി പെർള ശിവദാസന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി. മാലയിട്ട് കൂടെ കൂടിയെങ്കിലും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ ഇരുവർക്കും കടമ്പകളേറെയായിരുന്നു. അമ്പലവും പള്ളിയും കോടതിയും കോൺസുലേറ്റും കൈവിട്ടു. ഒടുവിൽ രണ്ടും കൽപ്പിച്ച് കേരളത്തിലെത്തി മന്ത്രിമാരെയും എംഎൽഎമാരെയും കയറിയിറങ്ങി കണ്ടു. അവസാനം രണ്ട് കുട്ടികളുടെ മാതാപിതാക്കളായ ശേഷമാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്.ഒപ്പം പെർളയ്ക്ക് ഇന്ത്യൻ പൌരത്വവും ലഭിച്ചു
ശിവദാസനോടുള്ള പ്രണയം തന്നെയാണ് പെർളയ്ക്ക് കേരളത്തോടും. കുറ്റിപ്പുറത്തെ വീട്ടിൽ മാതാപിതാക്കൾക്ക് സ്വന്തം മകളെപ്പോലെയാണ് പെർള. മക്കൾ ഇരുവരും പഠിച്ചതും വളർന്നതും കേരളത്തിലാണ്. കേരളത്തിലെ രുചികളും കാഴ്ചകളുമെല്ലാം ഈ ഫിലിപ്പൈനി മരുമകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പെർളയോടൊപ്പം ഒറ്റത്തവണയാണ് ശിവദാസൻ ഫിലിപ്പൈനിൽ പോയത്. അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന വലിയ കുടുംബത്തിലേക്കാണ് ശിവദാസനും എത്തിപ്പെട്ടത്. നമ്മുടെ നാട്ടിലെ പോലെ തന്നെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം അവിടെയും സുലഭം
ഇരുവരും തമ്മിൽ ആകെയുള്ള അന്തരം ഭക്ഷണത്തിലെ രുചിവ്യത്യാസം മാത്രമാണ്. പക്ഷേ പെർളയുടെ രുചിമുകുളങ്ങളെന്നോ കേരളത്തിലെ നാടൻ രുചികൾക്കടിപ്പെട്ടു കഴിഞ്ഞു. വീട്ടിൽ എല്ലാവർക്കും പ്രിയം കേരളത്തിലെ നാടൻ വിഭവങ്ങൾ തന്നെ.വിവാഹം കഴിഞ്ഞ് മുപ്പത് വർഷം കഴിഞ്ഞെങ്കിലും പ്രണയത്തിന് പ്രായം 18 തന്നെ
