മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തിന്റെ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടില്ലെന്ന് നടന് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് സംസാരിച്ചത്.
മോഹന്‍ലാല്‍ പറഞ്ഞത് :
ഇങ്ങനെയൊരു ജോണറിലൊരു സിനിമ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ വിശ്വാസിക്കുന്നത്. ഒരു കാലമോ ദേശമോ ഒന്നുമില്ലാത്ത സിനിമയാണിത്. ഒരു കഥ പറയുമ്പോള്‍ നമുക്ക് എന്തൊക്കെ വേണമോ അതെല്ലാം വാലിബനിലും ഉണ്ട്. അതില്‍ പ്രേമമുണ്ട്, വിരഹമുണ്ട്, ദുഃഖവും സന്തോഷവും പ്രതികാരവും അസൂയയും ഉണ്ട്. ഒരു മനുഷ്യന്റെ വികാരങ്ങള്‍ എല്ലാം ഉള്ളൊരു സിനിമയാണ്. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നുള്ളതാണ്. നമ്മള് സാധാരണ കാണാത്ത ഒരു ടെറൈനില്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കേരളത്തില്‍ നടന്ന കഥയാണോന്ന് ചോദിച്ചാല്‍ അല്ല. എവിടെ നടന്നതാണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഇന്ത്യയില്‍ എവിടെയോ ഒരു സ്ഥലത്ത്. എത്ര കാലം പഴമുള്ളതാണെന്ന് പറയാന്‍ പറ്റില്ല. അതാണ് കാലവും ദേശവും ഇല്ലെന്ന് പറഞ്ഞത്.
സിനിമയിലെ കോസ്റ്റ്യൂം ആയാലും ഭാഷ ആയാലും ഗാനങ്ങളും സംഗീതവും ആയാലും ആ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. കഥ പറയുന്നൊരു രീതിയാണത്. വലിയൊരു ക്യാന്‍വാസില്‍ ഏറ്റവും മനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയെന്നാണ് ഞാന്‍ പറയുന്നത്. ഒരു സിനിമ നന്നാകണമെങ്കില്‍ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.
ഒരു നടന് എന്ന നിലയില്‍ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയാണ്. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളില്‍ അവിടുത്തെ ആള്ക്കാര് പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. അവരാരും ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ല. എന്നോട് കഥ പറയുന്ന സമയത്ത് അതിലേക്ക് എടുത്ത് ചാടിയതും അതുകൊണ്ടാണ്. ലിജോയെ വര്‍ഷങ്ങളായി അറിയാവുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടതാണ്. മുന്‍പ് പല സിനിമകളെയും കുറിച്ച് ചര്‍ച്ച ചെയ്തതാണ്. ചിന്തിച്ചതിനെക്കാള്‍ വലിയ ക്യാന്‍വാസില്‍ ചിത്രം കൊണ്ടു പോകേണ്ടി വന്നു. 25ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. ഭാഗ്യമുണ്ടാകട്ടെ. അതാണ് ഇനി സിനിമയ്ക്ക് വേണ്ടത്.