കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കൊച്ചിയിലെ ജനത പുകഞ്ഞു നീറി കഴിയുകയായിരുന്നു. ബ്രഹ്മപുരം വിഷയത്തിൽ നിരവധി സിനിമാ താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. നടൻ മോഹൻലാലും വളരെ വൈകാരികമായാണ് ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ചത്.
‘പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണ്. ശ്വാസകോശങ്ങളിലെത്തുന്ന പുകയുടെ ഭവിഷ്യത്ത് ജീവിതം മുഴുവന്‍ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ലിത്. മനുഷ്യനുണ്ടാക്കിയ ദുരന്തം. പൊഖറാനില് ഷൂട്ടിങ്ങിലാണ് ഇപ്പോൾ ഞാൻ. പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യ നാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല. അവരേയും ഇതെല്ലാം നാളെയോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്.
കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 5 വര്‍ഷം മുന്‍പു ഞാനൊരു കുറിപ്പില്‍ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു. ആ കത്തു ഞാന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. ആളുകള്‍ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം. കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. എന്നാല്‍ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ല. കനല് എവിടെയോ ബാക്കി കിടക്കുന്നുണ്ട്’ മോഹന്‍ലാല്‍ പറഞ്ഞു.
വിഷയത്തിൽ നടൻ മമ്മൂട്ടി പ്രതികരിച്ചത് ഇങ്ങനെ-‘ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിതെന്നും താരം കൂട്ടിച്ചേർത്തു.