യുഎഇയിൽ നാളെ എമിറാത്തി വനിതാ ദിനം ആചരിക്കാനിരിക്കെ സ്ത്രീളുടെ നേട്ടങ്ങളെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്ത്രീകൾ രാജ്യത്തിന്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിൽ ബിരുദം നേടിയവരിൽ 70 ശതമാനവും സ്ത്രീകളാണ്. കൂടാതെ തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നും ഷെയ്ഖ് മുഹമ്മദ് വീഡിയോയിൽ പറഞ്ഞു. ഞങ്ങൾക്ക് അവരിൽ വലിയ പ്രതീക്ഷയുണ്ട്. യുഎഇയിലെ സ്ത്രീകൾ വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി പ്രയത്നിക്കുന്നവരാണ്. എമിറാത്തി സ്ത്രീകൾക്ക് നല്ല ഭാവിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ ഓഗസ്റ്റ് 28നാണ് എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിലും ലിംഗസമത്വത്തിലും രാജ്യം നേടിയ പുരോഗതിയുടെ ആഘോഷമാണ് എമിറാത്തി വനിതാ ദിനാചരണം. സ്ത്രീകളുടെ ഉയർച്ചക്കും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി യുഎഇ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. കൂടാതെ പുതിയ നിയമനിർമ്മാണങ്ങളും നടത്തിയിരുന്നു. ഇവയെല്ലാം സ്ത്രീ ശാക്തീകരണത്തിന് കരുത്ത് നൽകി. ഇന്ന് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് സ്ത്രീകൾ.