മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കാതല്‍ ദ കോര്‍ കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. നവംബര്‍ 23 ന് തിയേറ്ററുകളില്‍ റിലീസ് ആയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സ്വവര്‍ഗ ലൈംഗികത ചര്‍ച്ചയായ ചിത്രം അന്താരാഷ്ട്ര തലത്തിലും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് ദ ന്യൂയോര്‍ക്ക് ടൈംസ് ആണ് രംഗത്തെത്തിയിരിക്കുന്നത്.
‘പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യന്‍ ചിത്രം. കാമുകര്‍ പരസ്പരം ഒന്നും സംസാരിക്കുന്നില്ല. അവരുടെ ഇടപെടലുകള്‍ പരസ്പരമുള്ള നോട്ടങ്ങളിലൂടെ മാത്രമാണ് നടക്കുന്നത്. കാര്‍ ചേസുകളും ആക്ഷന്‍ സ്റ്റണ്ടുകളുമില്ല. ചിത്രത്തിലെ ആണുങ്ങള് ദുര്‍ബലരാണ്. അവര്‍ കരയുന്നുണ്ട്,’ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഒരു സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ചത്. ബോളിവുഡ് സിനിമകളുടെ ഗ്ലാമറുമായാണ് ഇന്ത്യന്‍ ചിത്രങ്ങളെ പൊതുവെ തട്ടിച്ചു നോക്കാറ്. എന്നാല്‍ അത്രയൊന്നും അവകാശപ്പെടാനില്ലാതെ, വലിയ ബഡ്ജറ്റിലല്ലാതെ വന്ന, മനുഷ്യരുടെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന ചിത്രം ഒരു മികച്ച ഉദാഹരമാണ് എന്നും ചിത്രത്തെക്കുറിച്ച് മുജീബ് മഷല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മാത്യു ദേവസ്സിയെന്ന രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിലെത്തുന്നത്. മാത്യുവിന്റെ ഭാര്യയായ കഥാപാത്രമായി ജ്യോതികയും വേഷമിടുന്നു. മമ്മൂട്ടിക്കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചത്.