ഫുജൈറ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുഖം രേഖപ്പെടുത്തി ഫുജൈറ കിരീടവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ-ഷർഖി. കേരളത്തിലുള്ള സഹോദരങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ കുറിച്ചു.
മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ-ഷർഖിയുടെ പ്രസ്താവന
കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും തീവ്രതയേറിയ ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഉറ്റവർ നഷ്ടപ്പെട്ടവരുടെ സമാധാനത്തിനായും പരിക്കേറ്റവരുടെ സുഖം പ്രാപിക്കലിനായും പ്രാർത്ഥിക്കുന്നു. കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളുടേയും കുടുംബങ്ങളുടേയും ദുഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുകയും അവരുടെ സുരക്ഷയ്ക്കും അതിജീവനത്തിനുമായി ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു.
വയനാട് ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ
മസ്കറ്റ്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനാണ് വയനാട് ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി സുൽത്താൻ ഹൈതം ബിൻ താരിക് കത്തയച്ചത്
ദക്ഷിണേന്ത്യയിലെ കേരളത്തിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് അനുശോചനം അറിയിച്ചു കൊണ്ട് ഒമാൻ സുൽത്താൻ ഇന്ത്യൻ രാഷ്ട്രപതിക്ക് കത്തയച്ചതായി ഒമാൻ ന്യൂസ് ഏജൻസി (ONA) ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.