താൻ പൂർണ ആരോഗ്യവാനാണെന്നും തനിക്കായി പ്രാർത്ഥിക്കുകയും സുഖാന്വേഷണം നടത്തുകയും ചെയ്ത എല്ലാ മനുഷ്യർക്കും നന്ദിയറിക്കുന്നുവെന്നും മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യുഡിഎഫിൻ്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ എംകെ മുനീർ കുഴഞ്ഞു വീണത് മുസ്ലീംലീഗ്, യുഡിഎഫ് പ്രവർത്തകരേയും നേതാക്കളേയും ഒരേപൊലെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ അദ്ദേഹം പൂർണആരോഗ്യവാനാണെന്നും നിലവിൽ വിശ്രമത്തിലാണെന്നും പിന്നീട് നേതാക്കൾ അറിയിച്ചിരുന്നു.
മുനീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
പ്രിയപ്പെട്ടവരെ,
നിങ്ങളുടെ ഈ സ്നേഹത്തിനും പ്രാർത്ഥനകൾക്കും എങ്ങിനെയാണ് നന്ദി പറയേണ്ടത്..?
ഈ പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം. യു ഡി എഫ് സംഘടിപ്പിച്ച ‘സെക്രട്ടറിയേറ്റ് വളയൽ’ പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നു.
നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും എത്രത്തോളം ആഴത്തിൽ ആണെന്നതിന്റെ തെളിവാണ്.
ഈ സ്നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്കിടയിലൊരാളായി പ്രവർത്തിക്കാൻ എനിക്കെന്നും ഊർജ്ജം നൽകിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകേണമേ എന്ന് മാത്രമാണ് പ്രാർത്ഥന…
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.
ഡോ. എം കെ മുനീർ