ബിജെപി പഞ്ചായത്തംഗമായ യൂട്യൂബര്‍ വ്യാജ വീഡിയോ ഉണ്ടാക്കിയ സംഭവം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചതായി യൂട്യൂബര്‍ വ്യാജ വീഡിയോ തയ്യാറാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സമൂഹത്തിന് എതിരായ കാര്യമാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബിജെപി മെമ്പര്‍കൂടിയായ നിഖില്‍ മനോഹറാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
‘ഏറ്റവും വലിയ സമൂഹത്തിന് എതിരായ കാര്യമാണ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണ് ചെയ്തിരിക്കുന്നത്. തീവ്രവാദികള്‍ ചെയ്തതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാടുണ്ടോ എന്ന് അവരുടെ നേതൃത്വം പരിശോധിക്കണം. നിയമപരമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.
വി കാന്‍ മീഡിയ ( we can media ) എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. പരീക്ഷാഫലത്തില്‍ അപാകതകള്‍ ഉണ്ട്, അതിനാല്‍ പരീക്ഷാഫലം പിന്‍വലിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നിഖില്‍ വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരത്തില്‍ ഒരു വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.