ന്യൂയോർക്ക്:മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസ്യൂർ സ്തംഭിച്ചു. ലോകമെങ്ങും വ്യോമഗതാഗതം, ടെലിവിഷൻ, സ്റ്റോക്ക് എക്സ്ചേഞ്ച്, ബാങ്കിങ് സേവനങ്ങളെയും ഐടി മേഖലയെയും ഇത് ബാധിച്ചു. മൈക്രോസോഫ്റ്റ് 365 ആപ്പുകളും സേവനങ്ങളും തടസപ്പെട്ടിട്ടുണ്ട്. പ്രവർത്തിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകൾ തനിയെ ബ്ലൂ സ്ക്രീനിലേക്ക് പോവുകയാണ്.
ക്രൗഡ്സ്ട്രൈക്ക് ആന്റി വൈറസ് സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് സൈബർ വിദഗ്ധർ പറയുന്നു. ഇന്ത്യ അടക്കം ലോകത്തെമ്പാടും കംപ്യൂട്ടർ, ഐടി സേവനങ്ങളിൽ അതീവ ഗുരുതരമായ സ്തംഭനത്തിനാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്.മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ സാങ്കേതിക പ്രശ്നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
ആകാസ എയർ, ഇൻഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇൻ, ബോർഡിംഗ് പാസ് ആക്സസ് ഉൾപ്പടെയുള്ള സേവനങ്ങൾ അവതാളത്തിലായി.