ബ്രിട്ടൻ്റെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി നഴ്സുമാരുടെ സമരത്തിന് പിന്നാലെ ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിനിറങ്ങുന്നു. മാർച്ച് 13 മുതൽ മൂന്ന് ദിവസം പണിമുടക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. എൻഎച്ച്എസിൻ്റെ 74 വർഷത്തെ ചരിത്രത്തിൽ
ആദ്യമായാണ് ജൂനിയർ ഡോക്ടർമാർ 72 മണിക്കൂർ തുടർച്ചയായി പണിമുടക്കുന്നത്. ഇതുവരെ 98% പേർ പണിമുടക്കിനെ അനുകൂലിച്ചു.
ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് ആൻഡ് സ്പെഷ്യലിസ്റ്റ് അസോസിയേഷനിൽ അംഗങ്ങളായ ജൂനിയർ ഡോക്ടർമാരും അവരുടെ യൂണിയൻ്റെ ചരിത്രത്തിൽ ആദ്യമായാണ് സമരത്തിനിറങ്ങുന്നത്. അതേസമയം ലക്ഷക്കണക്കിന് ഓപ്പറേഷനുകളും മെഡിക്കൽ അപ്പോയിന്റ്മെന്റുകളും റദ്ദാക്കേണ്ടിവരും. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ 47,000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ വരെ പങ്കെടുക്കുന്നുണ്ട്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് (ബിഎംഎ) ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയര്‍മാരായ ഡോ. റോബ് ലോറന്‍സണും ഡോ. വിവേക് ത്രിവേദിയുമാണ് പണിമുടക്ക് തീയതി പ്രഖ്യാപിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവര്‍ദ്ധനാ വിഷയം പലതവണ സർക്കാറിന്റെ മുന്നിലെത്തിച്ചുവെന്നും ഇതുവരെയും അതിനൊരു പരിഹാരം കണ്ടെത്താനായില്ലെന്നും ബിഎംഎ നേതാക്കൾ കുറ്റപ്പെടുത്തി.