ദില്ലി: വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ ഒൻപത് മെയ്തെയ് സംഘടനകളെ നിരോധിച്ച് കേന്ദ്രസർക്കാർ. വിജ്ഞാപനം പുറപ്പെടുവിച്ച തിങ്കളാഴ്ച മുതൽ അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പീപ്പിൾസ് ലിബറേഷൻ ആർമി (PLA) ഇവരുടെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (RPF), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (UNLF), അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി (MPA), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് (PREPAK) എന്നിവയും സായുധ വിഭാഗമായ ‘റെഡ് ആർമി’, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി) കംഗ്ലേയ് യോൾ കൻബ ലുപ് (കെവൈകെഎൽ), കോർഡിനേഷൻ കമ്മിറ്റി (കോർകോം), സോഷ്യലിസ്റ്റ് വേണ്ടിയുള്ള സഖ്യം യൂണിറ്റി കംഗ്ലീപാക്ക് (ASUK) എന്നീ സംഘടനകളെയാണ് നിരോധിച്ചത്.
ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണ്. ഈ സംഘടനകൾ മണിപ്പൂരിൽ സുരക്ഷാ സേനയ്ക്കും പോലീസിനും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി സർക്കാരിന് ബോധ്യപ്പെട്ടു.
“സായുധസമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വിഘടനത്തിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക” എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്ന് സംഘടനകളെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.
‘വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമാസക്തമായ പ്രവർത്തനങ്ങൾ ഈ സംഘടനകൾ നടത്തി വന്നിരുന്നുവെന്ന് ബോധ്യപ്പെട്ടതായും വിജ്ഞാപനത്തിൽ പറയുന്നു. “1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ടിന്റെ (1967 ലെ 37) സെക്ഷൻ 3-ന്റെ ഉപവകുപ്പ് (1) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് കേന്ദ്ര ഗവൺമെന്റ് മെയ്തേയ് തീവ്രവാദ സംഘടനകളെ നിരോധിച്ചതായി പ്രഖ്യാപിച്ചത്.