നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിപ വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളിജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. കേരളത്തില്‍ കാണുന്നത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് കാണുന്നത്. മരണനിരക്ക് കൂടുതലും വ്യാപന ശേഷി കുറവുമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് നാല് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. മരിച്ച രണ്ട് പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്.ഡി.എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം വ്യക്തമായത്.
പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂനെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്.