മുഖ്യമന്ത്രി പിണറായി വിജയന്റേത് അല്ലാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്കും പോകുമെന്ന് പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് പിച്ചച്ചട്ടി സമരം നടത്തിയ മറിയക്കുട്ടി. സേവ് കേരള ഫോറം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ അവകാശ സംരക്ഷണ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.
പിണറായിയെ പോലെ താന്‍ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. രാവിലെ കോണ്‍ഗ്രസ്, രാത്രി ബിജെപി എന്നാണ് എന്നെക്കുറിച്ച് സിപിഐഎം പറയുന്നത്. അതെന്റെ പണിയല്ല. എനിക്ക് ആരെയും കെട്ടിപ്പിടിക്കേണ്ട കാര്യമില്ല. മാസപ്പടിയില്‍ നിന്നല്ല ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെന്ഷന് ചോദിക്കുന്നത്. അത് തങ്ങളുടെ അവകാശമാണെന്നും മറിയക്കുട്ടി പറഞ്ഞു.
ഒരുപാട് പേര് കേരളം ഭരിച്ചിട്ടുണ്ട്. ഇത്രയും വൃത്തികെട്ട രീതിയിലുള്ള ഭരണം കണ്ടിട്ടില്ല. എത്ര പെണ്‍കുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പൊലീസ് വലിച്ചു കീറിയത്. സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ പുരുഷ പൊലീസിന് അധികാരമില്ല. അതാണ് താന്‍ പറയുന്നത് എന്നും മറിയക്കുട്ടി പറഞ്ഞു.