മാര്‍ബര്‍ഗ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒമാനിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. സര്‍ക്കാര്‍ വെബ്സൈറ്റിലാണ് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് യുഎഇ മുന്നറിയിപ്പു നല്‍കിയത്.
ഒമാന്‍ അധികൃതര്‍ എല്ലാ എയര്‍ലൈനുകള്‍ക്കുമായി പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരമാണ് യുഎഇ ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കുന്നത്. ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തിറക്കിയത്.
മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ രാജ്യത്തെത്തിയാല്‍ ഐസൊലേറ്റ് ചെയ്യണമെന്നാണ് ഒമാന്‍ നിര്‍ദേശിച്ചത്. യാത്ര കഴിഞ്ഞ് ഇരുപത്തിയൊന്നു ദിവസത്തിനു ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ സഹായം തേടണമെന്നും ഒമാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്കുന്നു. മാര്‍ബര്‍ഗ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യമെങ്കില്‍ മതിയായ മുന്‍കരുതലെടുത്തു മാത്രം യാത്ര ചെയ്യാനാണ് ഒമാന്‍ അധികൃതര്‍ മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നത്. രാജ്യം മാര്‍ബര്‍ഗ് വൈറസ് ബാധയുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും ഒമാന്‍ അറിയിച്ചു.