കേരളത്തിലെ ഏറ്റവും വലിയ മറഡോണയുടെ ശില്പം കണ്ണൂരില്‍ അനാച്ഛാദനത്തിന് ഒരുങ്ങുന്നു. ശില്പി എന്‍ മനോജ് കുമാറാണ് അര്‍ജൻ്റീനയുടെ ഇതിഹാസ താരത്തിൻ്റെ പൂര്‍ണ്ണകായ കളിമണ്‍ രൂപം നിർമ്മിക്കാൻ നേതൃത്വം നൽകിയത്. ഏഴര അടിയുണ്ട് ശില്പത്തിന് ഉയരം.
മറഡോണയുടെ വീഡിയോകളും ചിത്രങ്ങളും ലൈഫ് മോഡലുകളുടെ പോസുകളുമെല്ലാം നിരീക്ഷിച്ചാണ് ശില്പം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഘടനയിലും രൂപത്തിലും അദ്ദേഹത്തിൻ്റെ ഊര്‍ജ്ജവും ചടുലതയും ഉള്‍ക്കൊള്ളിച്ചുള്ള രൂപമായിരിക്കണമെന്നത് നിര്ബന്ധമായിരുന്നെന്ന് മനോജ് കുമാര്‍ വെളിപ്പെടുത്തുന്നു.
മറഡോണ ലോകഫുട്ബോൾ ഇതിഹാസമായതിനാൽ രാജ്യത്തിൻ്റെയും ദേശത്തിൻ്റെയും സൂചനകള്‍ ഒഴിവാക്കിക്കൊണ്ട് ശില്‍പഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് നിർമാണം. സംജോത് ഏച്ചൂര്‍, പ്രജില്‍ വാരം എന്നിവരാണ് നിര്‍മാണ സഹായികൾ.