വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇടവേളയ്ക്ക് ശേഷം മലയാളി താരം സജ്ഞു സാംസണ് ടി20 ടീമിൽ ഇടം നേടി. ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പറായാണ് സജ്ഞുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ച വച്ച യശ്വസി ജയ്സ്വാൾ, തിലക് വർമ എന്നീ യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെഗ് സ്പിന്നർ രവി ബിഷ്ണോയിയും ടീമിൽ തിരിച്ചെത്തി. പുതിയ ചീഫ് സെലക്ടറായി ചുമതലയേറ്റ അജിത്ത് അഗാക്കറുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ടീമാണിത്.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഹർദിക് പാണ്ഡ്യയാണ് ടീമിൻ്റെ ക്യാപ്റ്റൻ. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. അതേസമയം ഏകദിന – ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയേയും സൂപ്പർതാരം വിരാട് കോലിയേയും ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇരുവരും ഏകദിന, ടെസ്റ്റ് പരമ്പരകളിൽ കളിക്കുന്നുണ്ട്.
അക്സർ പട്ടേൽ, യൂസവേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം രവി ബിഷ്ണോയി കൂടി ചേരുമ്പോൾ ആകെ നാല് സ്പിന്നർമാരാണ് ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. പേസർമാരായി അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരും ടീമിൽ ഇടം പിടിച്ചു. ഇഷാൻ കിഷനൊപ്പം ശുഭ്മാൻ ഗില്ലും ഓപ്പണറായി ടീമിലുണ്ട്. അതേസമയം ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ച വച്ച കൊൽക്കത്ത താരം റിങ്കുസിംഗ് ടീമിൽ ഇടം നേടാതിരുന്നത് ആരാധകർക്കിടയിൽ ചർച്ചയായി. ടീം ലിസ്റ്റ് പുറത്തു വന്നതിന് പിന്നാലെ ട്വിറ്ററിൽ റിങ്കുവിൻ്റെ പേര് ട്രെൻഡിംഗായിട്ടുണ്ട്.
കരീബിയൻ ദ്വീപുകളിലും അമേരിക്കയിലെ ഫ്ളോറിഡയിലുമായാണ് ടി20 പരമ്പര നടക്കുക,. ജൂലൈ 12-ന് ഡൊമിനികയിലാണ് ഇരുടീമുകളും തമ്മിലുള്ള ആദ്യടെസ്റ്റ്.ട്രിനിനാഡിൽ വച്ച് ജൂലൈ 20 മുതൽ 24 വരെ രണ്ടാം ടെസ്റ്റ്. ബാർബഡോസിൽ വച്ച് ജൂലൈ 27,29 തീയതികളിലാണ് ആദ്യത്തെ രണ്ട് ഏകദിന മത്സരങ്ങൾ. അവസാന മത്സരം ആഗസ്റ്റ് ഒന്നിന് ട്രിനിഡാഡിലാണ്. ആഗസ്റ്റ് മൂന്ന് മുതൽ 13 വരെയാണ് ടി20 മത്സരങ്ങൾ. ഇതിൽ അവസാനത്തെ രണ്ട് മത്സരങ്ങളാണ് ഫ്ളോറിഡയിൽ നടക്കുക.