നടി തൃഷയ്ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന് മന്‍സൂര്‍ അലി ഖാന്. തൗസന്റ് ലൈറ്റ്സ് വനിത പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിനെത്തിയ മന്‍സൂര്‍ അലിഖാന് നടി തൃഷ അടക്കമുള്ളവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴിനല്‍കി. തുടര്‍ന്ന് ഖേദം പ്രകടിപ്പിക്കുന്നതായി വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു.
മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടി തൃഷ തന്നെയാണ് ആദ്യം അപലപിച്ച് രംഗത്തെത്തിയത്. മന്‍സൂര്‍ അലി ഖാന്റെ കൂടെ അഭിനയിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.
വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നല്കിയ പരാമര്‍ശമാണ് വിവാദമായത്. തുടര്‍ന്ന് ഇനി മന്‍സൂര്‍ അലി ഖാനെ അഭിനയിപ്പിക്കില്ലെന്ന് സംവിധായകന് ലോകേഷ് കനകരാജും വ്യക്തമാക്കിയിരുന്നു. മന്‍സൂര്‍ അലി ഖാന് അഭിനയത്തിന് വിലേക്കേര്പ്പെടുത്തുന്നുവെന്നും മാപ്പ് പറയാതെ വിലക്ക് മാറ്റില്ലെന്നും നടികര്‍ സംഘവും അറിയിച്ചിരുന്നു.
ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ലിയോയില്‍ തൃഷയാണ് നായിക എന്ന് അറിഞ്ഞപ്പോള്‍ താനുമായി കിടപ്പറ രംഗം ഉണ്ടാകും എന്നാണ് കരുതിയത് എന്നായിരുന്നു മന്‍സൂര്‍ അലി ഖാന് പറഞ്ഞിരുന്നത്. ഒപ്പം മുന്‍പ് അഭിനയിച്ച നടിമാരെ കുറിച്ചും താരം മോശമായി സംസാരിച്ചിരുന്നു.