അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് അങ്കണത്തിൽ നടന്ന നോമ്പു തുറ ചടങ്ങിലേക്ക് അപ്രതീക്ഷിത അതിഥിയായി യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഞായറാഴ്ച വൈകുന്നേരം ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് അങ്കണത്തിൽ ഇഫ്താർ വിരുന്നിനായി വിശ്വാസികൾ ഒത്തുകൂടിയപ്പോൾ ആണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പേരക്കുട്ടിക്കൊപ്പം നോമ്പു തുറയിൽ പങ്കുചേരാനെത്തിയത്.
അപ്രതീക്ഷിതമായി പ്രസിഡൻ്റിനെ കണ്ടതോടെ നോമ്പുതുറയ്ക്ക് എത്തിയ വിശ്വാസികളെല്ലാം അമ്പരന്നു. ആദരപൂർവ്വം എഴുന്നേറ്റു നിന്നവരെ വിലക്കിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവരോട് ഇരുന്ന് കൊണ്ട് നോമ്പുതുറയിലേക്ക് കടക്കാൻ ആവശ്യപ്പെട്ടു. ഒഴിഞ്ഞു കിടന്ന ഇരിപ്പിടത്തിൽ ഇരുന്ന അദ്ദേഹം പേരക്കുട്ടിയേയും ഒപ്പം ഇരുത്തി. തുടർന്ന് നോമ്പുതുറയ്ക്കിടെ സമീപത്തിരുന്ന സാധാരണക്കാരായ വിശ്വാസികളോട് സുഖവിവരം അന്വേഷിക്കുകയും ചെയ്തു.
വൈസ് പ്രസിഡൻ്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും വിശ്വാസികൾക്കൊപ്പമുള്ള പ്രസിഡൻ്റിൻ്റെ നോമ്പുതുറയിൽ പങ്കുചേർന്നു.
മുഹമ്മദ് യൂനസ്, മുഹമ്മദ് ജസ്ലീം എന്നീ രണ്ട് മലയാളി പ്രവാസികൾക്കും ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാനൊപ്പം നോമ്പു തുറയിൽ പങ്കുചേരാൻ ഭാഗ്യമുണ്ടായി. യുഎഇ പ്രസിഡൻ്റിന് നേരെ എതിർവശത്തിരുന്ന ഇരുവരോടും പ്രസിഡൻ്റ് വിശേഷങ്ങൾ ചോദിച്ചു. മലയാളികളാണെന്ന് പറഞ്ഞപ്പോൾ കേരളത്തിൽ നിന്നുള്ള ധാരാളം പേർ യുഎഇയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.