ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതായി മണിപ്പൂരിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാവിലെ 9:30 ഓടെ ഇംഫാലിൽ നിന്ന് ഹെലികോപ്റ്ററിൽ മൊയ്റാംഗിലെത്തിയ രാഹുൽ ഗാന്ധി നിരവധി ദുരിതബാധിതരെ കാണുകയും അവരെ കേൾക്കുകയും ചെയ്തു.രാഹുൽ സന്ദർശിച്ച രണ്ട് ക്യാമ്പുകളിലുമായി ഏകദേശം 1000 പേരാണ് താമസിക്കുന്നത്.
മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പിസിസി പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിംഗ്, മുൻ എംപി അജയ് കുമാർ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. 1944-ൽ ഇന്ത്യൻ നാറ്റിനൽ ആർമി അഥവാ ഐഎൻഎ ഇന്ത്യൻ പതാക ഉയർത്തിയ പട്ടണമെന്ന നിലയിൽ ചരിത്രപ്രാധാന്യമുള്ള സ്ഥമാണ് മൊയ്രാംഗ്. ഇംഫാലിലെ സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായും രാഹുൽ ചർച്ച നടത്തി.
കഴിഞ്ഞ രണ്ട് മാസമായി മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം ഏറ്റവും രൂക്ഷമായ ചുരാചന്ദ്പൂരിൽ വ്യാഴാഴ്ച രാഹുൽ എത്തിയിരുന്നു. ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകൾ അദ്ദേഹം സന്ദർശിച്ചു. ആക്രമണ സാധ്യത കണക്കിലെടുത്ത് രാഹുലിൻ്റെ കാർവ്യൂഹം മണിപ്പൂരിലെ ബിഷ്ണുപൂരിൽ ലോക്കൽ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് ഹെലികോപ്റ്ററിലാണ് രാഹുൽ ചുരാചന്ദ്പൂരിലേക്ക് പോയത്.