സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് മണിപ്പൂര്‍ പൊലീസ്. മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇംഫാല്‍ സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുത്ത സര്ക്കരിനെതിരെ യുദ്ധം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആനിരാജയ്ക്കെതിരായ പരാതിയില്‍ പറയുന്നത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമന്റെ വസ്തുതാന്വേഷണ സമിതി അംഗങ്ങളായ ആനി രാജ, നിഷ സിദ്ദു, ദീക്ഷ ദിവേദി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമിതി അംഗങ്ങള്‍ ജൂണ്‍ 28-ജൂലൈ 1 വരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ജൂലൈ രണ്ടിന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേസിനാസ്പദമായ പരാമര്‍ശം ആനിരാജ നടത്തുന്നത്.
എന്നാല്‍ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആനിരാജ പറഞ്ഞു. കേസ് വന്നതില്‍ അത്ഭുതമൊന്നുമില്ലെന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും ആനി രാജ പറഞ്ഞു.