ദുബായിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 32കാരന് ജീവപര്യന്തം തടവ് ശിക്ഷ. തന്നെ ചതിച്ചുവെന്നാരോപിച്ചായിരുന്നു യുവാവ് യുവതിയെ കൊലപ്പെടുത്തിയത്. 2019 ജൂലൈലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കൊല്ലാനുപയോഗിച്ച ആയുധം കാറിൽ നിന്നും ദുബായ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ തെളിവുകൾ ശക്തമാവുകയും ഇയാൾക്ക് കടുത്ത ശിക്ഷ വിധിക്കുകയുമായിരുന്നു.
യുവതിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പ്രതി പറഞ്ഞു. എന്നാൽ യുവതി വിസമ്മതിച്ചതോടെ തന്റെ കാറിൽ വെച്ച് കഴുത്തിൽ കുത്തി കൊല്ലുകയായിരുന്നു. തുടർന്ന് കത്തി കാറിന് പിൻ സീറ്റിലേക്ക് എറിയുകയും ചെയ്തു. കൃത്യം നടത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഇരയെ കുത്തിയെന്നും മുൻകൂട്ടി ആലോചിച്ച് കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി കോടതിയിൽ സമ്മതിച്ചു. തുടർന്ന് ഇയാളെ ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തു.