ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളിയായ ഓട്ടിസം ബാധിച്ച 18 വയസ്സുകാരനെ കണ്ടെത്തി. ശനിയാഴ്ച രാത്രി കാണാതായ യുവാവിനെയാണ് ഞായറാഴ്ച രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്. ജെബി തോമസിന്റെ മകന് ഫെലിക്സ് ജെബി തോമസിനെയാണ് കാണാതായത്.

ദൈവത്തിന്റെ സഹായം കൊണ്ട് അവന് ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് ഫെലിക്സിന്റെ പിതാവ് പറഞ്ഞത്. തനിക്കൊപ്പം സഹായമായി നിന്നവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഷാര്‍ജയിലെ സിറ്റി സെന്ററില്‍ നിന്ന് അമ്മയ്ക്കും അനുജത്തിക്കുമൊപ്പം ഷോപ്പിംഗിന് പോയ ഫെലിക്സിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാര്‍ജ പൊലിസ് മിസ്സിംഗ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുകയും ആശയവിനിമയ വെല്ലുവിളികള്‍ ഉള്ള കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ കുടുംബം സോഷ്യല്‍ മീഡിയയില്‍ കാണാതായ റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കുവൈറ്റിലേക്കുള്ള ഒരു ഇന്ത്യന്‍ യാത്രക്കാരനാണ് ഫെലിക്സിനെ കണ്ടെത്താന്‍ സഹായിച്ചതെന്ന് ഫെബി പറഞ്ഞു. ‘കുവൈറ്റിലേക്ക് പോവുകയായിരുന്ന ഒരു യാത്രക്കാരന് അവനെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടു. സമൂഹമാധ്യമത്തില്‍ മിസിംഗ് പോസ്റ്റര്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഞങ്ങളെ വിളിച്ചത്. അവന് തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്ക് വളരെ ആശ്വാസമുണ്ട്.’, എന്നും ഫെബി കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, സിറ്റി സെന്റര്‍ ദെയ്റയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1-ല്‍ ഫെലിക്സ് എങ്ങനെയാണ് എത്തിയത് എന്നത് വ്യക്തമല്ല. ക്ഷീണവും വിശ്രമവും ആവശ്യമുള്ളതിനാല്‍ അവനോട് ഒന്നും ചോദിച്ചില്ലെന്നും ഫെബി പറഞ്ഞു.
