താനൂർ: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആരോപണവുമായി യൂത്ത് ലീഗ്. തിരുരങ്ങാടി സ്വദേശി സാമി ജിഫ്രി എന്ന മുപ്പതുകാരനാണ് പോലീസ് കസ്റ്റഡിയിൽ വച്ചു മരണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ലഹരിക്കടത്ത് ആരോപിച്ച് താനൂർ പോലീസ് സാമി ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയോടെ സ്റ്റേഷനിൽ വച്ച് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വിവരം.
സാമി ജിഫ്രിയുടെ മരണകാരണമെന്താണ് എന്ന് വ്യക്തമല്ല. നിലവിൽ താനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇയാളുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സാമിയെ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു. മൃതദേഹം കാണിക്കാൻ പൊലീസ് ആദ്യം തയ്യാറാവാതിരുന്നതിനെ ചൊല്ലി ആശുപത്രിയിൽ പൊലീസും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയും ഉണ്ടായി.
മലപ്പുറം എസ്.പിയുടെ കീഴിലുള്ള പ്രത്യേകം രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാവൂ. ഇയാൾ സ്റ്റേഷനിൽ വച്ചു കുഴഞ്ഞു വീണതാണെന്ന് പൊലീസുകാർ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർനടപടികൾ ചർച്ച ചെയ്യുകയാണ്.