കൊച്ചിയിലെ കാക്കനാട്ടെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട രാഹുലിന്റെ മരണകാരണം വ്യക്തമായേക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് രാഹുലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

രാഹുലിന്റെ രക്ത പരിശോധന ഫലവും മരണ കാരണം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ഈ ഫലവും ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയോടെയാണ് രാഹുല്‍ എന്ന 24 കാരന് മരണത്തിന് കീഴടങ്ങുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവാവിന് ഹൃദയാഘാതം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ ആരോഗ്യസ്ഥിതി വഷളായിരുന്ന രാഹുലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാരനായിരുന്നു. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
കാക്കനാട് മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് രാഹുല്‍ ഷവര്‍മ കഴിച്ചത്. ഷവര്‍മ കഴിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ യുവാവിന് അസ്വസ്തതകള്‍ ഉണ്ടായതായാണ് ഒപ്പം താമസിച്ചവര്‍ പറഞ്ഞത്. ഭക്ഷ്യവിഷബാധയേറ്റതാണെന്ന് കുടുംബവും സുഹൃത്തുക്കളും പരാതിപ്പെട്ടിട്ടുണ്ട്.
