ഭൂമിയിലെ ഏറ്റവും സന്തോഷകരമായ സ്ഥലമെന്നറിയപ്പെടുന്ന ഡിസ്നിലാൻഡ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. എന്നാൽ ഏറ്റവും കൂടുതൽ തവണ ഡിസ്നിലാൻഡ് സന്ദർശിച്ച് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു അമേരിക്കൻ പൗരൻ. കാലിഫോർണിയ സ്വദേശിയും ഡിസ്നി പ്രേമിയുമായ ജെഫ് റീറ്റ്സാണ് ഇഷ്ട ഇടമായ ഡിസ്നിലാൻഡ് സന്ദർശിച്ച് അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.
തുടർച്ചയായി 3,000 ത്തിലധികം തവണയാണ് കാലിഫോർണിയയിലെ അനാഹൈം സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡിസ്നിലാൻഡിൽ ജെഫ് സന്ദർശനം നടത്തിയത്. മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയാണ് ജെഫ് റീറ്റ്സ്. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം പാർക്ക് സന്ദർശനം പതിവാക്കി. 2012 ജനുവരി 1 നാണ് റീറ്റ്സ് ആദ്യമായി ഡിസ്നിലാൻഡിൽ എത്തുന്നത്. അതേസമയം ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 2020 മാർച്ച് 13 വരെ ജെഫ് റീറ്റ്സ് 2,995 തവണ ഡിസ്നിലാൻഡ് സന്ദർശിച്ചിട്ടുണ്ട്.
വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ജെഫ് തീം പാർക്ക് സന്ദർശിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ദൈനംദിന ജോലികളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടി രാത്രിയിലേക്ക് സന്ദർശനം മാറ്റി. ഗിന്നസ് റെക്കോർഡെന്ന അപൂർവ നേട്ടം സ്വന്തമാക്കിയതിനെ കുറിച്ച് ജെഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സമാന രീതിയിൽ 2017-ൽ തുടർച്ചയായി 2,000 സന്ദർശനങ്ങൾ നടത്തി കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിൽ നിന്നുള്ള 50 കാരൻ ശ്രദ്ധ നേടിയിരുന്നു.