ഇന്നസെൻ്റിന് പിന്നാലെ മാമുക്കോയ കൂടി വിട വാങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ മലയാള സിനിമയിലെ ഒരു തലമുറ കൂടിയാണ് മാഞ്ഞുപോകുന്നത്. കുതിരവട്ടം പപ്പുവിന് ശേഷം മലയാള സിനിമയിൽ മലബാറിൻ്റെ ബ്രാൻഡ് അംബാസിഡറായിരുന്നു മാമുക്കോയ. തനത് കോഴിക്കോടൻ ശൈലിയിൽ മാത്രം സംസാരിച്ചിട്ടും പതിറ്റാണ്ടുകളോളം മലയാള സിനിമയിൽ തുടരാൻ അദ്ദേഹത്തിന് സാധിച്ചത് നാടകക്കളരിയിൽ നിന്നും രാകി മിനുക്കിയെടുത്ത അഭിനയതികവ് കൊണ്ട് കൂടിയാണ്.
മുഹമ്മദ് എന്നാണ് മാമുക്കോയയുടെ ശരിയായ പേര്. കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ 1946-ലാണ് മാമുക്കോയയുടെ ജനനം. അദ്ദേഹത്തിൻ്റെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നു. പിന്നീട് ജേഷ്ഠൻ്റെ സംരക്ഷണയിലായിരുന്നു മാമുക്കോയയുടെ ജീവിതം. കോഴിക്കോട്ടെ പരപ്പിൽ എം.എം സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച മാമുക്കോയ പഠനകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നാടകങ്ങൾ സംഘടിപ്പിച്ചും അഭിനയിച്ചും മാമുക്കോയ രംഗത്തുണ്ടായിരുന്നു.
സ്കൂൾ പഠനത്തിന് ശേഷം കോഴിക്കോട് കല്ലായിയിൽ മരപ്പണി ജോലികളുമായി മാമുക്കോയ ജീവിത്തിൻ്റെ പുതിയ ഘട്ടം തുടങ്ങി. കല്ലായിലേക്ക് എത്തുന്ന മരങ്ങളുടെ ഇനവും ഗുണവും തിരിച്ചറിയാനും നമ്പറിടാനും അളന്നെടുത്ത് മുറിക്കാനും മാമുക്കോയ മിടുക്കനായിരുന്നു. ജോലിയോടൊപ്പം തന്നെ നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു.
1970-80 കാലഘട്ടത്തിൽ കോഴിക്കോട്ട് സജീവമായ സംസ്കാരിക സൗഹൃദ കൂട്ടായ്മയിൽ മാമുക്കോയയും ഉണ്ടായിരുന്നു വൈക്കം മുഹമ്മദ് ബഷീർ, കെടി മുഹമ്മദ് എന്നിവരൊക്കെ മാമുക്കോയയ്ക്ക് ഗുരുതുല്യരായിരുന്നു. കോഴിക്കോട്ടെ നാടകസിനിമാക്കാരുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചു. പിൻക്കാലത്ത് മാമുക്കോയ സുഹൃത്തുകളുമായി ചേർന്ന് ഒരു നാടകം സിനിമയാക്കാൻ തീരുമാനിച്ചു.
നിലമ്പൂർ ബാലനായിരുന്നു ഈ സിനിമയുടെ സംവിധായകൻ. 1979- ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമാരംഗത്ത് അരങ്ങേറുന്നത്. എന്നാൽ ചിത്രം വലിയ ശ്രദ്ധ നേടാതെ പോയതോടെ മാമുക്കോയയുടെ കലാജീവിതം പഴയ പോലെ തുടർന്നു.കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ മാമുക്കോയ ചെയ്തു. ഇതേക്കാലത്ത് 1982-ൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശുപാർശയിൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.
1983-ൽ പുറത്തിറങ്ങിയ ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയിലെ വേഷമാണ് മലയാളത്തിൽ മാമുക്കോയ്ക്ക് ഒരു മേൽവിലാസമുണ്ടാക്കിയത്. ഇതേ വർഷം മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. പിൻക്കാലത്ത് രാംജിറാവു സ്പീക്കിംഗ്, തലയണമന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നീ സിനിമകളിലൂടെ മാമുക്കോയ മലയാളത്തിലെ മുൻനിര ഹാസ്യനടനായി മാറി. അഭിനേതാവ് എന്ന നിലയിൽ വലിയ ജനപ്രീതിയുള്ളപ്പോഴും അദ്ദേഹം ഹാസ്യവേഷങ്ങളിൽ മാത്രമായി ഒതുങ്ങി പോയിരുന്നു. പെരുമഴക്കാലം, തീർപ്പ് എന്നീ ചിത്രങ്ങളിൽ വേറിട്ട വേഷങ്ങൾ ലഭിച്ചപ്പോൾ അത് ഗംഭീരമാക്കി സ്വന്തം അഭിനയമികവ് അദ്ദേഹം അടയാളപ്പെടുത്തി.
കറ കളഞ്ഞ കലാകാരൻ… മതേതരവാദി…
എൻ്റേതായിട്ട് ഒന്നുമില്ല, ബഷീറും ഖാദർക്കയും ബാബുരാജും പോലെ വലിയ മനുഷ്യൻമാരുടെ കൂടെ നിൽക്കാൻ പറ്റി അതിൻ്റെ ഗുണം മാത്രമാണുള്ളത് – ഒരിക്കൽ ഒരു അഭിമുഖത്തിൽ മാമുക്കോയ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറും കോഴിക്കോട് അബ്ദുൾ ഖാദറും കുതിരവട്ടം പപ്പുവുമെല്ലാം മാമുക്കോയ്ക്ക് ഗുരുതുല്യരായിരുന്നു. എംടിയും തിക്കോടിയനും വികെഎനും ബാബുരാജുമെല്ലാം മാമുക്കോയയുടെ സൗഹൃദവലയത്തിലുണ്ടായിരുന്നു. ബാലൻ കെ നായർക്കും കെ.പി ഉമ്മറിനും കുതിരവട്ടം പപ്പുവിനും കുഞ്ഞാണ്ടിക്കും ശേഷം കോഴിക്കോട് നിന്നും മലയാള സിനിമയിലെത്തിയ പ്രധാന നടൻ മാമുക്കോയയായിരുന്നു. കോഴിക്കോടൻ ഭാഷ ശൈലിയിൽ തന്നെ കഴിഞ്ഞ നാൽപ്പത് വർഷം അദ്ദേഹം സിനിമയിൽ പിടിച്ചു നിന്നു.
സ്ക്രീനിൽ ചിരി പടർത്തുമ്പോഴും സിനിമയ്ക്ക് പുറത്ത് ഗൗരവകാരനായ മനുഷ്യനായിരുന്നു മാമുക്കോയ. കോഴിക്കോട്ടെ സാമൂഹിക-സാംസ്കാരിക വേദികളിൽ അദ്ദേഹം സജീവമായിരുന്നു. പൊതുവേദികളിൽ തമാശ പറയുന്ന ഒരാൾ ആയിരുന്നില്ല മാമുക്കോയ, എന്നാൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. വർഗീയതയോട് സന്ധി ചെയ്യാത്ത പോരാട്ടമായിരുന്നു അദ്ദേഹത്തിൻ്റേത്. കോഴിക്കോടിന്റെ മതസൗഹാർദ്ദ പാരമ്പര്യം എപ്പോഴും ഓർമിപ്പിച്ച അദ്ദേഹം അതിന് ആധാരമായി ചൂണ്ടിക്കാട്ടിയത് സ്വന്തം ജീവിതമായിരുന്നു.