ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനു വേണ്ടി ആദ്യം ശബ്ദമുയർത്തിയവരിൽ ഒരാൾ നടൻ മമ്മൂട്ടിയാണെന്ന് താരത്തിന്റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ്. വെറുമൊരു ഫെയ്സ്ബുക് പോസ്റ്റിലൊതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഈ വിഷയത്തിൽ മമ്മൂട്ടിയുടേതെന്ന് റോബർട്ട് കുറിച്ചു. മധുവിന് അനുകൂലമായ നീതി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പങ്കുവച്ച സമൂഹ മാധ്യമ കുറിപ്പിലാണ് റോബര്‍ട്ട് ഇക്കാര്യം പറഞ്ഞത്. മധു വധക്കേസിൽ പ്രതികളായ 16 പേരിൽ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റവും തെളിഞ്ഞിട്ടുണ്ട്.
റോബര്‍ട്ട് കുര്യാക്കോസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം
‘‘മധുവിനു നീതി നല്കിയ നീതിപീഠത്തിന് ഒരുപാട് നന്ദി. അതിനു വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷനും അഭിനന്ദനങ്ങൾ. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിയ്ക്കും സഹോദരി സരസുവിനും ബിഗ് സല്യൂട്ട്. ഇതിനോടൊപ്പം ഓര്‍ക്കേണ്ട പേര് പ്രിയപ്പെട്ട മമ്മൂക്കയുടേതാണ് എന്നതില്‍ വലിയ അഭിമാനം. ‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിൽ ഒന്ന് മമ്മൂക്കയുടേതായിരുന്നു. ഇപ്പോള്‍ കോടതി തന്നെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരായി വിധി പറഞ്ഞിരിക്കുന്നു, സന്തോഷം. വെറുമൊരു ഫെയ്സ്ബുക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഇതില്‍ മമ്മൂക്കയുടേത്.
https://www.facebook.com/100001144885758/posts/6095256180522484/?mibextid=rS40aB7S9Ucbxw6v
അതേസമയം കേസ് അട്ടിമറിക്കപ്പെട്ടു എന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയര്‍ന്ന സമയത്ത് മധുവിന്റെ കുടുംബത്തിന് നിയമസഹായം (നിയമോപദേശം) നല്‍കുന്നതിനായി അഭിഭാഷകന്റെ സഹായം അദ്ദേഹം ഏര്‍പ്പെടുത്തുകകൂടി ചെയ്തിരുന്നു. മമ്മൂട്ടി എന്ന മഹാനടന് മനുഷ്യപ്പറ്റു കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു മധു കേസ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യന് എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടല്‍കൂടിയാണ് ഇവിടെ വിജയം കാണുന്നത്. അന്നും ഇന്നും എന്നും മമ്മൂക്കയ്ക്ക് മധു അനുജന് ആകുന്നതും അതുകൊണ്ടുതന്നെയാണ് – റോബർട്ട് കുറിച്ചു. ആർട്ടിസ്റ്റ് നന്ദൻ പിള്ള വരച്ച ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം മധു വധക്കേസിലെ പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞെങ്കിലും കേസ് വാദിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് സർക്കാർ പണം നൽകിയിട്ടില്ല. മറ്റ് പല കേസുകളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിഭാഷകരെ നിയമിക്കുന്നതിന് സർക്കാർ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും പബ്ലിക് പ്രോസിക്യൂട്ടർമാരോട് അവഗണനയാണ്.
കഴിഞ്ഞ 13 മാസമായി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് രാജേഷ് എം മേനോൻ. 147 തവണ കോടതിയിൽ ഹാജരായ അദ്ദേഹം പ്രസക്തമായ രേഖകളും മറ്റ് ആവശ്യങ്ങളും ശേഖരിക്കുന്നതിനായി നിരവധി യാത്രകൾ നടത്തി. ചെലവായ 1.88 ലക്ഷം രൂപയുടെ ബില്ലാണ് അദ്ദേഹം സമർപ്പിച്ചത്. ആദ്യം 47,000 രൂപ അനുവദിച്ച് ബാക്കി തുക പിന്നീട് നൽകി. ചെലവുകൾ തിരികെ നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ ഫീസ് ഇനത്തിൽ തുക അനുവദിച്ചു. താൻ ചെലവഴിച്ച തുക മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഈ മാസങ്ങളിലെല്ലാം തന്റെ പരിശ്രമത്തിന് സർക്കാർ ഒരു രൂപ പോലും നൽകിയില്ലെന്നും രാജേഷ് പറയുന്നു. ഫീസ് തുക പോലും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.